തിരുവനന്തപുരം: ശ്രീകാര്യത്ത് കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയ വർക്കല ചാവടിമുക്ക് മുട്ടപ്പലം തുണ്ടുവിള സ്വദേശി ഷൈജുവിനെ (40) കല്ലമ്പലത്ത് അക്രമിച്ചതായി പറയപ്പെടുന്ന സംഭവത്തിൽ വ്യക്തതയില്ലാതെ പൊലീസ്. ദേശീയപാതയിൽ ഷൈജു അക്രമത്തിനിരയായെന്ന് പറയപ്പെടുന്ന സ്ഥലത്ത് നാട്ടുകാരിൽ നിന്നോ സമീപവാസികളിൽ നിന്നോ ഇതുസംബന്ധിച്ച സൂചനകൾ ലഭിക്കാത്തതും മറ്റ് തെളിവുകൾ കണ്ടെത്താനാകാത്തതുമാണ് പൊലീസിനെ വലയ്ക്കുന്നത്. സംഭവദിവസം ഷൈജു അതുവഴി യാത്ര ചെയ്തിരുന്നോ എന്ന് സ്ഥിരീകരിക്കാൻ ഇയാളുടെ മൊബൈൽ ടവർ ലൊക്കേഷനുകളും റോഡിലെ സിസി ടിവി കാമറകളും പരിശോധിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
സംഭവമുണ്ടായതായി പറയുന്നതിന് ദിവസങ്ങൾക്ക് മുമ്പേ ഭാര്യയുമായി പിണങ്ങിയ ഇയാൾ വർക്കലയിലെ ഒരു ബന്ധുവീട്ടിലായിരുന്നു താമസം. വീട്ടിലെ ഒരുമുറിയിൽ അടച്ചുപൂട്ടിയിരുന്ന ഷൈജു തന്നെ ആരോ കൊല്ലാൻ വരുന്നതായി വീട്ടുകാരോട് പല തവണ പറഞ്ഞിരുന്നു. ആരും കൊല്ലാൻ വരുന്നില്ലെന്നും ഇത് വെറും തോന്നൽ മാത്രമാണെന്നും ബന്ധുക്കൾ ഇയാളെ പറഞ്ഞ് മനസിലാക്കിയിരുന്നതായും പറയപ്പെടുന്നു. ഇവിടെ നിന്ന് പുറത്ത് പോകാനായി ഇറങ്ങിയശേഷം ഞായറാഴ്ച വൈകിട്ടോടെ കല്ലമ്പലത്തുവച്ച് ബൈക്കിലെത്തിയ രണ്ടുപേർ വാളുമായി വെട്ടിവീഴ്ത്തിയതായും ഇവർ പിന്തുടരുന്നതായും കല്ലമ്പലം പൊലീസിൽ പരിക്കുകളോടെയെത്തിയ ഷൈജു പരാതി പറഞ്ഞിരുന്നു. എന്നാൽ, ഷൈജു മദ്യപിച്ചതിനാലും പറഞ്ഞതിൽ സംശയം ഉള്ളതിനാലും ആശുപത്രിയിൽ പോകാൻ നിർദേശിച്ച് പൊലീസ് പറഞ്ഞയക്കുകയായിരുന്നു. തുടർന്ന് ഷൈജു സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും പോയി. അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെ കാണാതാവുകയായിരുന്നു.
ബൈക്ക് യാത്രയ്ക്കിടെ അപകടത്തിൽപ്പെട്ട് പരിക്കേറ്റതാണോയെന്ന സംശയവും പൊലീസിനുണ്ട്. ബൈക്കിൽ വീണതിന്റെ അടയാളങ്ങൾ കാണാനുണ്ട്. ഇതും എവിടെവച്ചാണെന്ന് കണ്ടെത്തേണ്ടതുണ്ട്. ഞായറാഴ്ച വൈകിട്ട് ഷൈജു ശ്രീകാര്യത്തും ഉള്ളൂരുമുള്ള രണ്ട് പരിചയക്കാരെ ഫോണിൽവിളിച്ച് രാത്രി താമസിക്കാൻ മുറി കിട്ടുമോ എന്ന് അന്വേഷിച്ചിരുന്നു. ഷൈജുവിന്റെ മൊബൈൽ ഫോണും കണ്ടെത്തി. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ശ്രീകാര്യത്തെ പുതുവലിൽ ബിൽഡിംഗിലാണ് മൃതദേഹം കണ്ടത്. കല്ലമ്പലത്തുനിന്ന് ഇയാളുടെ ബൈക്കും കിട്ടി. മൃതദേഹം കാണപ്പെട്ട സ്ഥലത്ത് നിന്ന് സംശയിക്കത്തക്ക മറ്റ് യാതൊരു തെളിവുകളും പൊലീസിന് ലഭിച്ചിട്ടില്ല. മൃതദേഹം കണ്ട സ്ഥലത്ത് പുറത്തുനിന്ന് ആരുടെയും സാന്നിദ്ധ്യമോ ബലപ്രയോഗമോ ഉണ്ടായതിന്റെ തെളിവുകളും ലഭിച്ചിട്ടില്ല.ബൈക്ക് മറിഞ്ഞോമറ്റോ ആകാം മുഖത്ത് പരിക്കേറ്റതെന്നാണ് പൊലീസിന്റെ നിഗമനം.കൊവിഡ് പരിശോധനാഫലം നെഗറ്റീവാണെന്ന് റിസൾട്ട് ലഭിച്ചതോടെ ഷൈജുവിന്റെ മൃതദേഹം മെഡിക്കൽ കോളേജിൽ ഇന്ന് പോസ്റ്റുമോർട്ടത്തിന് വിധേയമാക്കിയിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ മരണകാരണം വ്യക്തമാകുമെന്ന് കഴക്കൂട്ടം സൈബർ സിറ്റി അസി. കമ്മീഷണർ ആർ.അനിൽകുമാർ പറഞ്ഞു.