arrest

തിരുവനന്തപുരം: ഭാര്യയുടെ അയൽവാസിയുമായി ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് മൂന്നുലക്ഷത്തോളം രൂപയും, ലക്ഷങ്ങൾ വിലവരുന്ന ആഭരണങ്ങളും തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ റെയിൽവേ ടിക്കറ്റ് ബുക്കിംഗ് ക്ലർക്കിന്റെ ചതിക്കുഴിയിൽപ്പെട്ടത് നിരവധി യുവതികൾ. കോട്ടയം ഗാന്ധിനഗർ സ്വദേശിയായ വീട്ടമ്മയെ ചതിയിൽപ്പെടുത്തി ബ്ളാക്ക് മെയിൽ ചെയ്ത് സ്വ‌ർണവും പണവും തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിലെ സീനിയർ ടിക്കറ്റ് ക്ലാർക്ക് അരുൺ സാകേതമെന്ന തിരുവനന്തപുരം ആനാട് ചന്ദ്രമംഗലം പി.എസ്.അരുണിനെ (33) ചോദ്യം ചെയ്തപ്പോഴാണ് കാലങ്ങളായി തുട‌ർന്ന തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്.

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാനെത്തുന്ന സുന്ദരിമാരായ വീട്ടമ്മമാരെയും യുവതികളെയുമാണ് അരുൺ വലയിലാക്കുന്നത്. റെയിൽവേ ടിക്കറ്റ് റിസർവേഷൻ ഫോമിൽ നിന്ന് യുവതികളുടെയും വീട്ടമ്മമാരുടെയും ഫോൺ നമ്പരും ഇ-മെയിൽ വിലാസവും ശേഖരിക്കുന്ന ഇയാൾ അവരുമായി റിസർവേഷൻ സംബന്ധിച്ച കാര്യങ്ങൾ സംസാരിക്കാനെന്ന വ്യാജേന ബന്ധപ്പെടുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്യും. സൗഹൃദത്തിന് മുതിരുന്നവരുമായി നിരന്തരം ഫോൺ വിളികളിൽ ഏർപ്പെടുന്ന ഇയാൾ അവരുടെ വീക്ക്നസുകൾ മനസിലാക്കിയാവും വലയിൽ വീഴ്ത്തുക. ഭർത്താവുമായി സ്വരച്ചേർച്ചയില്ലാത്തവരെയും ഭർത്താവിൽ നിന്ന് മതിയായ സ്നേഹം ലഭിക്കാത്തവരെയും വശീകരിക്കുന്ന കാര്യത്തിൽ അരുൺ വിരുതനാണ്.

വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ഇയാൾ ഏകദേശം ഇരുപത്തഞ്ചോളം യുവതികളെയാണ് വലയിലാക്കിയിട്ടുള്ളത്. ഭർത്താക്കന്മാർ വിദേശത്തുള്ളവരെയും, ദൂരസ്ഥലങ്ങളിൽ ജോലിനോക്കുന്നവരെയും മാത്രമല്ല നാട്ടിൽ ഭർതൃസമേതം താമസിക്കുന്നവരും അരുണിന്റെ വലയിൽപ്പെട്ടിട്ടുണ്ട്. ഉയ‌ർന്ന വിദ്യാ‌ഭ്യാസവും സാമ്പത്തിക ചുറ്റുപാടും സൗന്ദര്യവുമുളളവരെയാണ് അരുൺ വലയിലാക്കിയിരിക്കുന്നത്. സൗഹൃദം സ്ഥാപിക്കുമ്പോൾ തന്നെ വീടും ചുറ്റുപാടും സാമ്പത്തിക സ്ഥിതിയുമെല്ലാം നയത്തിൽ ചോദിച്ച് മനസിലാക്കുന്ന ഇയാൾ, അവരോട് കടുത്ത പ്രേമം നടിച്ച് തന്റെ ഇഷ്ടങ്ങൾക്ക് ഇരയാക്കുകയാണ് ആദ്യംചെയ്യുക. ചതിക്കുഴിയിൽപ്പെട്ടാൻ പിന്നീട് അതിന്റെ പേരിൽ ഇവരെ സാമ്പത്തികമായിചൂഷണം ചെയ്യലാണ് അടുത്ത പരിപാടി. ആദ്യമൊക്കെ തന്റെ വ്യക്തിപരമായ ആവശ്യങ്ങൾ പറഞ്ഞ് ചെറിയ തുകകളാണ് ഇയാൾ ആവശ്യപ്പെടുക. പണം കൈവശമില്ലാത്തവരോട് പണയം വയ്ക്കാനെന്ന പേരിൽ സ്വർണം ചോദിക്കും. മിക്കവരും സൗഹൃദമോർത്ത് പണമോ സ്വർണമോ നൽകും. ഇത്തരത്തിൽ സഹായിക്കാൻ മനസുകാട്ടുന്നവരെയാണ് അരുൺ പിന്നീട് തുട‌ർച്ചയായി ചൂഷണം ചെയ്യുക.

ഫോണും ഫേസ്ബുക്ക് അക്കൗണ്ടും പരിശോധിച്ചപ്പോൾ നിരവധിപ്പേരെ ഇയാൾ ചതിയിൽപ്പെടുത്തിയതായി മനസ്സിലാക്കിയതായി പൊലീസ് പറഞ്ഞു. മിക്കവരും നാണക്കേടോർത്ത് പരാതിപ്പെട്ടിട്ടില്ല. ചെറുപ്പക്കാരായ ചില സഹപ്രവർത്തകരെയും ഇയാൾ ഇത്തരത്തിൽ വശീകരിച്ച് തട്ടിപ്പ് നടത്തിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇരകളിൽ നിന്ന് നേടിയെടുക്കുന്ന പണവും സ്വ‌ർണവും ആഡംബര ജീവിതത്തിനാണ് ഇയാൾ വിനിയോഗിക്കുക. അരുണിന്റെ ഭാര്യയുടെ നാട്ടുകാരിയാണ് ഇപ്പോൾ ഗാന്ധിനഗറിൽ താമസിക്കുന്ന വീട്ടമ്മ. ഭാര്യവീട്ടിൽ പോയപ്പോഴുണ്ടായ സൗഹൃദം മുതലെടുത്താണ് ഇവരെ തട്ടിപ്പിനിരയാക്കിയത്. ഭർത്താവിൽ നിന്ന് മതിയായ ശ്രദ്ധ ലഭിക്കുന്നില്ലെന്ന തോന്നലിൽ കഴിഞ്ഞ വീട്ടമ്മയെ ഫേസ്ബുക്ക് ചാറ്റ് വഴി പരിചയപ്പെട്ട അരുൺ പുതിയ ജീവിതം നൽകാമെന്ന് വാഗ്ദ്ധാനം ചെയ്ത് ഇവരുടെ ചിത്രങ്ങൾ കൈക്കലാക്കുകയായിരുന്നു.

തുടർന്ന് ചൂഷണത്തിലേക്കു കടന്ന അരുൺ സ്ഥിരമായി പണവും സ്വർണവും ആവശ്യപ്പെട്ടു തുടങ്ങി. ഭീഷണിയിൽ പേടിച്ച വീട്ടമ്മ പലപ്പോഴായി രണ്ടരലക്ഷത്തോളം രൂപ നൽകിയതായി പൊലീസ് പറഞ്ഞു. വീണ്ടും പണവും സ്വർണവും ആവശ്യപ്പെട്ടുള്ള അരുണിന്റെ ഭീഷണിയെത്തുടർന്ന് മൂന്നു തവണ ഇവർ ജീവനൊടുക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നിട്ടും വീട്ടമ്മയെ വെറുതെവിടാൻ കൂട്ടാക്കാതിരുന്ന അരുൺ പണത്തിനായി വീണ്ടും ബുദ്ധിമുട്ടിച്ചപ്പോഴാണ് നിവൃത്തിയില്ലാതെ വീട്ടമ്മ കോട്ടയം എസ്.പി ജയദേവിന് പരാതി നൽകിയത്. തുടർന്ന് കോട്ടയം ഡിവൈ.എസ്.പി ശ്രീകുമാറിന്റെ നേതൃത്വത്തിൽ എ.എസ്.ഐ കെ.ആർ.അരുൺ കുമാർ, പ്രബേഷനറി എസ്.ഐ പ്രദീപ്‌, എസ്.ഐമാരായ കെ.ആർ.പ്രസാദ്, ഷിബുക്കുട്ടൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത ഇയാളെ കൂടുതൽ അന്വേഷണത്തിനായി ആവശ്യമെങ്കിൽ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.