കൊച്ചി: സംസ്ഥാനത്ത് വിക്‌ടേഴ്സ് ചാനൽ വഴിയുള്ള ഓൺലൈൻ ക്ലാസുകൾക്ക് പൂർണസജ്ജമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 41.2 ലക്ഷം കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസിനുള്ള സൗകര്യം ഉണ്ടെന്ന് ഉറപ്പാക്കാൻ പ്രധാന അദ്ധ്യാപകർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.
872 വിദ്യാർത്ഥികൾക്ക് മാത്രമേ നിലവിൽ ക്ലാസുകളിൽ പങ്കെടുക്കുന്നതിന് സൗകര്യം ഇല്ലാതുള്ളൂ. ഇതിൽ ഭൂരിഭാഗവും വിദൂര ആദിവാസി മേഖലകളിൽ നിന്നുള്ള കുട്ടികളാണ്. ഇവർക്ക് ആവശ്യമായ സൗകര്യങ്ങൾ എത്തിക്കാൻ ശ്രമം തുടരുകയാണ്. ഇവർക്ക് ഓൺലൈൻ ക്ലാസുകൾ റെക്കോർഡ് ചെയ്ത് എത്തിക്കുമെന്നും സർക്കാർ കോടതിയെ ബോദ്ധ്യപ്പെടുത്തി.
ജൂൺ ഒന്നിന് ക്ലാസ് തുടങ്ങിയെങ്കിലും എല്ലാ കുട്ടികൾക്കും ഓൺലൈൻ സൗകര്യമില്ലാതിരുന്നതിനാൽ ക്ലാസുകളുടെ പുനഃസംപ്രേക്ഷണമായിരുന്നു ആദ്യ ആഴ്ചകളിൽ നടന്നത്. രണ്ടാംഘട്ട ഓൺലൈൻ ക്ലാസുകൾ കഴിഞ്ഞ ജൂൺ 15നാണ് വിക്ടേഴ്സ് ചാനലിൽ ആരംഭിച്ചത്. ഉറുദു, അറബി, സംസ്കൃതം, ക്ലാസുകൾ കൂടി രണ്ടാം ഘട്ടത്തിൽ ആരംഭിച്ചിട്ടുണ്ട്. രാവിലെ എട്ടര മുതൽ വൈകിട്ട് അഞ്ചരവരെയാണ് ക്ലാസുകൾ നടക്കുക. കൊവിഡ് വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ തുറക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചത്.