india-

ചെന്നൈ: ഇന്ത്യ-ചൈന സംഘർഷത്തിൽ വീരമൃത്യു വരിച്ച ഹവിൽദാർ കെ.പളനിയുടെ കുടുംബത്തിന് തമിഴ്നാട് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. 20 ലക്ഷം രൂപയും കുടുംബത്തിലെ ഒരംഗത്തിന് ജോലിയും നൽകുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു. പുതിയ വീടിന്റെ പാലുകാച്ചലിന് അടുത്ത മാസം എത്താനിരിക്കെയായാണ് പളനി വീരമൃത്യു വരിച്ചത്. പതിനെട്ടാമത്തെ വയസിൽ സൈന്യത്തിൽ ചേർന്ന പളനി 22 വർഷമായി രാജ്യത്തെ സേവിച്ച് വരികയായിരുന്നു.

അതിർത്തിയിൽ സംഘർഷം കനക്കുന്നതിനാൽ ഇനി വിളിക്കാൻ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം പളനി ഫോണിലൂടെ വീട്ടുകാരെ അറിയിച്ചിരുന്നു. രാമനാഥപുരം ജില്ലയിലെ തിരുവാടനെയ്ക്ക് അടുത്ത് കടക്കലൂർ ഗ്രാമത്തിലെ കാളിമുത്തുവിന്റെ മകനാണ് പളനി. പളനിയുടെ സഹോദരൻ ഇദയകണിയും സൈനികനാണ്.