china

ന്യൂഡൽഹി: ഇന്ത്യ - ചൈന അതിർത്തിയിൽ ചൈനീസ് ഹെലികോപ്‌റ്ററുകൾ നിരവധി തവണയായി എത്തുന്നുവെന്ന് വാർത്ത ഏജൻസി. ഇത് ഗുരുതരമായി പരിക്കേറ്റ സൈനികരെ കൊണ്ടുപോകാനോ, അതല്ലെങ്കിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കൊണ്ടുപോകാനോ ആണെന്നാണ് വാർത്താ ഏജൻസി വ്യക്തമാക്കുന്നത്. 43 ചൈനീസ് സൈനികരെങ്കിലും തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തു എന്നാണ് എ.എൻ.ഐ ഇന്നലെ റിപ്പോർട്ട് ചെയ്തത്.

പരിക്കേറ്റവരുടെയോ മരിച്ചവരുടെയോ ഏകദേശകണക്ക് അതിർത്തിയിൽ ഗാൽവൻ നദിക്കരയ്ക്ക് സമീപത്തെ ട്രാക്കിലൂടെയുള്ള ചൈനീസ് ഹെലികോപ്റ്റർ നീക്കത്തിന്റെ അടിസ്ഥാനത്തിലാണ് പുറത്തുവരുന്നത്. സംഘർഷം നടന്ന പ്രദേശത്ത് നിന്ന് സ്ട്രെച്ചറുകളിൽ കൊണ്ടുപോയ സൈനികരുടെ എണ്ണവും ആംബുലൻസുകളുടെ എണ്ണവും കണക്കിലെടുത്താണ് ഈ വിലയിരുത്തൽ നടത്തുന്നത് എന്നാണ് എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നത്.

സംഘർഷത്തിൽ ഉണ്ടായിരുന്ന ഇന്ത്യൻ സൈനികരും ചൈനീസ് ഭാഗത്ത് കാര്യമായ ആൾനാശമുണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഗാൽവൻ താഴ്‍വരയിലെ പ്രധാന മേഖലകളിലൊന്നായ കീ പോയിന്റ് 14-ൽ ചൈന സ്ഥാപിച്ച ടെന്റ് മാറ്റാൻ ചൈനീസ് സൈന്യം തയ്യാറാവാത്തതാണ് സംഘർഷത്തിന് വഴിവച്ചതെന്നാണ് വിവരം. സംഘർഷത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ കേന്ദ്രസർക്കാരോ ചൈനീസ് സർക്കാരോ പുറത്തുവിട്ടിട്ടില്ലെങ്കിലും, ഇന്ത്യൻ പട്രോളിംഗ് പോയന്റിന് തൊട്ടടുത്തുള്ള പ്രദേശത്ത് ചൈന ടെന്റ് കെട്ടിയത് മാറ്റാതിരുന്നതാണ് അക്രമത്തിന് വഴി വച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പ്രദേശത്ത് നിന്ന് പിൻമാറുന്നതിന്റെ ഭാഗമായി ഇന്ത്യൻ സൈന്യം പട്രോളിംഗ് നടത്തിവരികയായിരുന്നു. പതിനാലാം പട്രോളിംഗ് പോയന്റിനടുത്ത് എത്തിയപ്പോൾ ഇവിടെ കെട്ടിയ ടെന്റ് ചൈനീസ് സൈന്യം അഴിച്ച് മാറ്റാൻ തയ്യാറായില്ല. പിന്നീട് ഇരുസൈന്യവും തമ്മിൽ സംഘർഷം ഉടലെടുക്കുകയായിരുന്നു. ചൈനീസ് സൈന്യം ഇന്ത്യൻ സൈന്യത്തിന് നേരെ കല്ലെറിഞ്ഞുവെന്നും, ഇരുമ്പുവടികളും മറ്റുമായി ഏറ്റുമുട്ടിയെന്നുമാണ് റിപ്പോർട്ടുകൾ.

അതേസമയം ചൈനീസ് ഔദ്യോഗിക മാദ്ധ്യമങ്ങളൊന്നും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗ് സേനാമേധാവികളുമായി വീണ്ടും കൂടിക്കാഴ്ച നടത്തി. ഇന്നലെ അർദ്ധരാത്രിയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി സൈനികമേധാവിമാരുമായും വിദേശകാര്യ, പ്രതിരോധമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.