mob
മൊബൈൽ മെഡിക്കൽ സർവൈലൻസ് യൂണിറ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യസഹായം ദുർഘടമായ സ്ഥലങ്ങളിൽ കൊവിഡ് സാഹചര്യവും മഴക്കാലരോഗങ്ങളും കണക്കിലെടുത്ത് ആതുരസേവനം കാര്യക്ഷമമാക്കാൻ 19 മൊബൈൽ മെഡിക്കൽ സർവൈലൻസ് യൂണിറ്റുകൾ ഉടൻ പ്രവർത്തനം തുടങ്ങും. മറ്റ്‌ ആരോഗ്യ സംവിധാനങ്ങളില്ലാത്തതും പെട്ടെന്ന്‌ എത്തിപ്പെടാൻ പറ്റാത്ത പ്രദേശങ്ങളിലും ജനങ്ങൾക്ക് ചികിത്സ ലഭ്യമാക്കാനാണ്‌ മൊബൈൽ യൂണിറ്റുകൾ. കൊവിഡ്‌ പശ്ചാത്തലത്തിലും മഴക്കാലരോഗങ്ങൾ വ്യാപിക്കാനുള്ള സാദ്ധ്യതയും കണക്കിലെടുത്താണ്‌ ആരോഗ്യ വകുപ്പിന്റെ തീരുമാനം.

ഒരു യൂണിറ്റിൽ ഡോക്ടർ, നഴ്സ്, ലാബ് ടെക്നീഷ്യൻ, ഡ്രൈവർ എന്നിവരാണ് ഉണ്ടാകുക. അഞ്ചു ജില്ലയിൽ രണ്ട് യൂണിറ്റ്‌ വീതവും ഒമ്പതു ജില്ലയിൽ ഓരോ യൂണിറ്റുമാണ്‌ ആരംഭിക്കുക. കാസർകോട്‌, പാലക്കാട്, കണ്ണൂർ, തൃശൂർ, മലപ്പുറം ജില്ലകളിൽ രണ്ട് യൂണിറ്റ്‌ വീതം തുടങ്ങും. അതാത്‌ മേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട്‌ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ വീടുകളിലെത്തി പരിശോധനയും ആവശ്യമായ വൈദ്യസഹായവും നൽകും. സ്വകാര്യമേഖലയുടെ പങ്കാളിത്തവും ലഭ്യമാക്കും. ആദിവാസിമേഖലയിലും വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലുമുള്ളവർക്ക് മൊബൈൽ യൂണിറ്റുകൾ വലിയ ആശ്വാസമാകും.