കൊച്ചി: ഉപഭോക്താക്കളിൽ നിന്ന് അമിത ചാർജ് ഈടാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബി ഹൈക്കോടതിയിൽ സത്യവാങ്‌മൂലം സമർപ്പിച്ചു. ഉപയോഗിച്ച വൈദ്യുതിക്കാണ് ബില്ല് നൽകിയത്. ലോക്ക്ഡൗൺ മൂലം മീറ്റർ റീഡിംഗ് എടുക്കാൻ സാധിക്കാത്തതിനാൽ മൂന്ന് ബില്ലുകളുടെ ശരാശരി കണക്കാക്കി ബിൽ നൽകി. നിലവിൽ തുകയുടെ 70 ശതമാനം അടച്ചാൽ മതി. ബാക്കി തുക കുറവാണെങ്കിലും കൂടുതലാണെങ്കിലും അടുത്തതവണ ക്രമീകരിക്കുമെന്നും കെ.എസ്.ഇ.ബി ഹൈക്കോടതിയിൽ സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു.
അമിത ചാർജ് ഈടാക്കിയിട്ടില്ലെന്ന് വാദിച്ച ബോർഡ് ഉപയോഗിച്ച വൈദ്യുതിക്ക് മാത്രമാണ് ബില്ല് നൽകിയതെന്നും പറഞ്ഞു. അമിത ബില്ല് ഈടാക്കുന്നുവെന്ന ഹർജിക്കാരുടെ വാദം അടിസ്ഥാന രഹിതമാണെന്ന് വാദിച്ച കെ.എസ്.ഇ.ബി ഹർജിക്കാരുടെ വൈദ്യുതി ഉപഭോഗ വിവരങ്ങൾ കോടതിയിൽ ഹാജരാക്കി.
ഗാർഹിക ഉപഭോക്താക്കൾക്ക് പ്രതിമാസ ബില്ലിംഗ് പ്രായോഗികമല്ലെന്നും കെ.എസ്.ഇ.ബി പറഞ്ഞു. ദ്വൈമാസ ബില്ലിംഗ് മാറ്റാനാവില്ല. ഈ രീതി 30 വർഷമായി തുടരുന്നതാണ് . റെഗുലേറ്ററി കമ്മിഷന്റെ അംഗീകാരമുണ്ട്. പ്രതിമാസ ബില്ലിംഗ് നടപ്പാക്കിയാൽ കൂടുതൽ ജീവനക്കാർ വേണ്ടി വരുമെന്നും ഇത് ബോർഡിന്റെ ചെലവ് കൂട്ടുമെന്നും ഉപഭോക്താക്കൾക്ക് തന്നെ ബുദ്ധിമുട്ടാവുമെന്നും ബോർഡ് വിശദീകരിച്ചു.