ന്യൂഡൽഹി: ഇന്ത്യ-ചൈന സംഘർഷത്തിൽ സൈനികരുടെ ജീവത്യാഗവും ധീരതയും രാജ്യം മറക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. സൈനികരുടെ വേർപാട് കടുത്ത വേദനയും അസ്വസ്ഥതയുമുണ്ടാക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം സൈനികരുടെ ധീരതയിൽ രാജ്യം അഭിമാനംകൊള്ളുന്നുവെന്നും പറഞ്ഞു. അതിർത്തിയിൽ സൈനികർ ധീരതയും പോരാട്ടവീര്യവും കാട്ടിയെന്നും പ്രതിരോധമന്ത്രി പറഞ്ഞു. സംഘർഷം നടന്ന ശേഷം ഇതാദ്യമായാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നൊരു ഔദ്യോഗിക പ്രതികരണമുണ്ടാകുന്നത്.
നമ്മുടെ സൈനികർ മാതൃകാപരമായ ധൈര്യവും വീര്യവും അവരുടെ കർമത്തിൽ പ്രകടിപ്പിക്കുകയും ഇന്ത്യൻ സൈന്യത്തിന്റെ ഉയർന്ന പാരമ്പര്യമനുസരിച്ച് ജീവൻ ത്യജിക്കുകയും ചെയ്തു. രാജ്യം അവരുടെ ധീരതയും ത്യാഗവും ഒരിക്കലും മറക്കില്ല. വീണുപോയ സൈനികരുടെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. അങ്ങേയറ്റം വേദനാജനകം. ഈ പ്രയാസകരമായ ഘട്ടത്തിൽ രാജ്യം അവരോടൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കുന്നു. സൈനികരുടെ ധീരതയിൽ രാജ്യം അഭിമാനം കൊള്ളുന്നുവെന്നും രാജ്‌നാഥ് സിംഗ്- ട്വീറ്റ് ചെയ്തു.