കൊച്ചി: നാണയശേഖരണം മാത്രമല്ള നാണയങ്ങളെകുറിച്ചുള്ള പുത്തൻ അറിവുകളും അരവിന്ദാക്ഷനു കാണാപാഠമാണ്. ആരു ചോദിച്ചാലും എത്ര തവണവേണമെങ്കിലും പറഞ്ഞു കൊടുക്കാനും മടിയില്ല. എന്നാൽ ഒരു വർഷം മുമ്പ് നഷ്ടപ്പെട്ട നാണയശേഖരങ്ങൾ തിരിച്ചുകിട്ടാതത്തിലുള്ള വിഷമം മാത്രമെയുള്ളു ഈ 67ക്കാരന്. ജീവിതോപാധി എന്നതിലുപരി ഒരു ഹോബി കൂടിയാണ് അരവിന്ദാക്ഷനു നാണയശേഖരണം. ഉദയംപേരൂർ പത്താംകൂഴിയിൽ നികർത്തിൽ പി.പി അരവിന്ദാക്ഷൻ അപൂർവമായ നാണയങ്ങൾ സ്വന്തം കടയിൽ പ്രദർശിപ്പിച്ച് വില്ക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ഏപ്രിലിൽ നാണയങ്ങൾ കാണാനെന്ന വ്യാജേന എത്തിയ യുവാക്കൾ അരവിന്ദാക്ഷനെ ആക്രമിച്ചു പതിനായിരങ്ങൾ വിലമതിക്കുന്ന നാണയങ്ങളുമായി കടന്നു കളഞ്ഞു. പ്രതികൾ ബെംഗളൂരു, ഹരിയാന തുടങ്ങിയ സ്ഥലങ്ങളിൽ പോയശേഷം നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് പിടിയിലായത്. എന്നാൽ മുഖ്യപ്രതിയെ ഇനിയും പിടികൂടിയിട്ടില്ല.
ചില കാരണങ്ങളാൽ കൊച്ചിൻ കൊയിൻസ് എന്ന് വില്പന ശാലയ്ക്ക് പൂട്ടുവീണത്തോടെ തെരുവോര നാണയ പ്രദർശനവും വില്പനയുമായി ജീവിതം തള്ളിനീക്കുകയാണ് അരവിന്ദാക്ഷൻ. തിരുവിതാംകൂർ, ഡച്ച്, ഈസ്റ്റ് ഇന്ത്യ കമ്പനി, മുഗൾ, ചോള രാജ ഭരണം തുടങ്ങി ഇരുനൂറിലധികം രാജ്യങ്ങളിലെ നാണയശേഖരം ഇദ്ദേഹത്തിന്റെ പക്കലുണ്ട്. വിവിധ രാജ്യങ്ങളുടെ കറൻസികൾ പ്ളാസ്റ്റിക്ക് കൂടുകളിൽ മാലപോലെ തൂക്കിയിട്ടും നാണയങ്ങൾ പാളാസ്റ്റിക്ക് ഷീറ്റിൽ വിവധ ഡിസെെനുകളിലായി അടുക്കിവച്ചുമാണ് പ്രദർശനം. നിരവധിപേർ ഇദ്ദേഹത്തിൽ നിന്ന് നാണയങ്ങൾ വാങ്ങാനെത്താറുണ്ട്. എല്ലാ രാജ്യങ്ങളിലെ നാണയങ്ങളെ കുറിച്ചും പരിജ്ഞാനമുള്ള ഇദ്ദേഹം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നാണയ പ്രദർശനം നടത്താറുണ്ട്. നാണയ ശേഖരത്തിനായി ഒരുപാടു യാത്രകൾ ചെയ്തിട്ടുണ്ട്. എന്നാൽ ലോക്ക്ഡൗൺ ആയത്തോടെ സ്ഥിതി വഷളായി. തെരുവിൽ വില്പന നടക്കാതത്തും ആവശ്യക്കാർ കുറഞ്ഞതും തിരിച്ചടിയായി. മുന്നോട്ടുള്ള ജീവിതവും പ്രതിസന്ധിയിലാണ്.
'ഒരു വർഷത്തിൽ കൂടുതലായി നാണയശേഖരങ്ങൾ നഷ്ടപ്പെട്ടിട്ട്. മുഖ്യപ്രതിയെ ഇനിയും പിടികൂടിയിട്ടില്ല. കവർച്ച നടത്താൻ ഉപയോഗിച്ച വാഹനം പൊലീസ് ക്രയവിക്രയം ചെയ്തു. നിരവധി തവണ പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങി. അന്വേഷ്‌ണം നടക്കുന്നു എന്നു അധികൃതർ പറയുന്നുണ്ടെങ്കിലും നടപടിയൊന്നും ഉണ്ടാകുന്നില്ല. പൊലീസിന്റെ അനാസ്ഥയാണ് കാരണം. ലോക്ക്ഡൗൺ തുടങ്ങിയത്തോടെ ജീവിതം കഷ്ടത്തിലാണ്.'
അരവിന്ദാക്ഷൻ