general

ബാലരാമപുരം: പൊട്ടിപ്പൊളിഞ്ഞ് ദുരിതക്കയമായ റസൽപുരം-ചാനൽപ്പാലം റോഡിന്റെ ടാറിംഗ് ഉടൻ ആരംഭിക്കും. 25 ലക്ഷം രൂപയാണ് റോഡിന്റെ പുന:രുദ്ധാരണത്തിനായി അനുവദിച്ചിരിക്കുന്നത്. ഇതോടൊപ്പം റസ്സൽപ്പുരം –കൂട്ടപ്പന റോഡിൽ കുഴികളടക്കുന്ന പണികളും ആരംഭിക്കും. ഇനിനായി 10 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. റോഡിന്റെ ശോച്യാവസ്ഥ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി നിരവധി വാർത്തകളും കേരളകൗമുദി നൽകിയിരുന്നു. തുടർന്നാണ് കരാറുകാരും മരാമത്ത് അധികൃതരും നടത്തിയ ചർച്ചയിൽ ടാറിംഗ് ഉടൻ നടത്താൻ തീരുമാനമായത്.. ജൂൺ പകുതിയോടെ ടാറിംഗ് പൂർത്തീകരിക്കുമെന്ന് കരാറുകാൻ അറിയിച്ചിരുന്നെങ്കിലും മഴ വില്ലനാവുകയായിരുന്നു. നിലവിൽ കുഴികടന്നുള്ള അപകടയാത്രക്കെതിരെ വ്യാപക പരാതിയുയരുന്നുണ്ട്. റസ്സൽപ്പുരം മുതൽ ചാനൽപ്പാലം വരെ 800 മീറ്റർ ഭാഗമാണ് ടാറിംഗ് നടത്തുന്നത്. വൻ കുഴികൾ രൂപപ്പെട്ട് വാഹനയാത്ര ദുഷ്ക്കരമായ റസ്സൽപ്പുരം റോഡിൽ ട്രാൻസ്ഫോമറിന് സമീപം വൈറ്റ് മിക്സിംഗ് നടത്തി കുഴികൾ നികത്തിയിട്ടുണ്ട്. ലോക്ക് ഡൗണിനെ തുടർന്ന് രണ്ട് മാസം മുമ്പ് നവീകരിക്കേണ്ട റോഡിന്റെ പണികളാണ് വീണ്ടും പുന:രാരംഭിക്കുന്നത്. കുഴികൾ രൂപപ്പെട്ട സ്ഥലങ്ങളിൽ മെറ്റലിംഗ് നടത്തി റോഡിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്ന് കരാറുകാരനോട് നാട്ടുകാർ ആവശ്യമുന്നയിച്ചിട്ടുണ്ട്. മഴ മാറിയാൽ മൂന്ന് ദിവസങ്ങളിനുള്ളിൽ ടാറിംഗ് ആരംഭിക്കും. ഗതാഗതനിയന്ത്രണമേർപ്പെടുത്തിയായിരിക്കും ടാറിംഗ് നടത്തുക. അങ്ങനെയെങ്കിൽ നരുവാമൂട് എരുത്താവൂർ -റസ്സൽപ്പുരം വഴി എത്തുന്ന വാഹനങ്ങൾ ബാലരാമപുരം വഴി കടന്നുപോകേണ്ടി വരും. വാഹനം വഴി തിരിച്ചുവിടുന്നത് സംബന്ധിച്ച് മരാമത്ത് അധികൃതർ ബസ് ഡിപ്പോ അധികൃതരുമായി ചർച്ച നടത്തും.