ന്യൂഡൽഹി: ഇന്ത്യ-ചൈന സംഘർഷം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി സർവകക്ഷിയോഗം വിളിച്ചു. മറ്റന്നാൾ വൈകുന്നേരം അഞ്ച് മണിക്കാണ് സർവകക്ഷി യോഗം വിളിച്ചിരിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ വീഡിയോ കോൺഫറൻസിംഗിലൂടെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ സർവകക്ഷി യോഗത്തിൽ പങ്കെടുക്കും. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ ഭാഗത്ത് നിന്ന് അതിർത്തി തർക്കത്തിൽ സർക്കാരിനെതിരെ ശക്തമായ എതിർപ്പ് ഉയരുന്നതിനിടെയാണ് പ്രധാനമന്ത്രി സർവകക്ഷിയോഗം വിളിച്ചിരിക്കുന്നത്.
എല്ലാ പാർട്ടികളുടേയും ദേശീയ അദ്ധ്യക്ഷൻമാരെ യോഗത്തിനായി ക്ഷണിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. രാജ്നാഥ് സിംഗിന്റെ ട്വീറ്റല്ലാതെ തിങ്കളാഴ്ച നടന്ന ലഡാക്ക് സംഘർഷത്തെക്കുറിച്ച കേന്ദ്രസർക്കാർ ഔദ്യോഗിക വിശദീകരണം ഇതുവരെ നൽകിയിട്ടില്ല. കരസേനയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയാണ് പല വിവരങ്ങളും പുറത്തു വിട്ടത്. സംഘർഷമുണ്ടായെന്നും ചൈന അതിർത്തി ലംഘിച്ചെന്നും കരസേന ഔദ്യോഗികമായി അറിയിച്ചിരുന്നു.