കാട്ടാക്കട:ഓൺലൈൻ വിദ്യാഭ്യാസം ആരംഭിച്ച ദിവസങ്ങളിൽ തന്നെ വിക്ടേഴ്സ് ചാനലിലൂടെ പ്ലസ്ടു കുട്ടികൾക്ക് ഇംഗ്ലീഷ് ക്ലാസെടുത്ത് ശ്രദ്ധ നേടിയ അരൂജ ടീച്ചർ പൂവച്ചൽ ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപികയാണ്.മികച്ച നിലവാരത്തിൽ ക്ലാസെടുത്ത അരൂജ ടീച്ചറെ ശബരീനാഥൻ.എം.എൽ.എ ഫോണിൽ അഭിനന്ദനം അറിയിച്ചു.അപ്രതീക്ഷിതമായി എത്തിയ അഭിനന്ദനത്തിനു നന്ദി അറിയിച്ച ടീച്ചർ പ്ലസ്ടുവിലെ രണ്ട് കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് ടെലിവിഷൻ സൗകര്യം ഇല്ലെന്ന് എം.എൽ.എയെ അറിയിച്ചു. ഇതേത്തുടർന്ന് എം.എൽ.എ രണ്ടാൾക്കും ടെലിവിഷനുമായി സ്കൂളിലെത്തി.സയൻസ്,കൊമേഴ്‌സ് വിഭാഗത്തിൽ പഠിക്കുന്ന പ്ലസ്ടു വിദ്യാർത്ഥികളായ അക്‌സയ്ക്കും ഗീതുവിനും അരൂജ ടീച്ചറിന്റെ സാന്നിദ്ധ്യത്തിൽ എം.എൽ.എ ടെലിവിഷൻ കൈമാറി.കുട്ടികൾക്ക് വീടുകളിൽ കേബിൾ കണക്‌ഷനുള്ള സൗകര്യവും എം.എൽ.എ ഒരുക്കി നൽകി.ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സുചിത്ര,വി.എച്ച്.എസ്.സി പ്രിൻസിപ്പൽ കെ.നിസ, ഹെഡ് മാസ്റ്റർ അബ്ദുൽ നാസർ, പി.ടി.എ പ്രസിഡന്റ്‌ പൂവച്ചൽ സുധീർ,എസ്.എം.സി ചെയർമാൻ ബി.പ്രദീപ്‌ കുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ സത്യദാസ് പൊന്നെടുത്തകുഴി,അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.