മോസ്കോ : കൊവിഡ് അതീ തീവ്രമായി തുടരുന്ന രാജ്യമാണ് റഷ്യ. രോഗികളുടെ എണ്ണത്തിൽ ഇന്ത്യയ്ക്ക് തൊട്ടുമുന്നിൽ മൂന്നാം സ്ഥാനത്താണ് റഷ്യ. പ്രധാനമന്ത്രിയ്ക്കും മറ്റ് ചില മന്ത്രിമാർക്കുമടക്കം നേരത്തെ റഷ്യയിൽ കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. എന്നാൽ റഷ്യയുടെ പ്രസിഡന്റായ വ്ലാഡിമിർ പുടിനെ കൊവിഡ് പിടികൂടാതിരിക്കാൻ അധികൃതർ ഒരു പ്രത്യേക അണുനശീകരണ ടണൽ നിർമിച്ചിട്ടുണ്ട്. മോസ്കോയിൽ പുടിന്റെ ഔദ്യോഗിക വസതിയ്ക്ക് പുറത്ത് സജ്ജീകരിച്ചിരിക്കുന്ന ഈ ടണലിലൂടെ മാത്രമേ ആരെയും കടത്തിവിടുകയുള്ളു.
റഷ്യയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ ആർ.ഐ.എ ആണ് പുടിനെ സംരക്ഷിക്കാനൊരുക്കിയിരിത്തുന്ന അണുനശീകരണ ടണലിനെ പറ്റി റിപ്പോർട്ട് പുറത്ത് വിട്ടത്. റഷ്യൻ നഗരമായ പെൻസ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു കമ്പനിയാണ് ഈ സ്പെഷ്യൽ ടണലിന്റെ നിർമാതാക്കൾ.
ടണലിന്റെ പ്രവർത്തന മാതൃക വിശദീകരിക്കുന്ന വീഡിയോയും ആർ.ഐ.എ പുറത്തുവിട്ടിരുന്നു. മാസ്ക് ധരിച്ച് ടണലിലൂടെ കടന്നു പോകുന്ന ഒരാളിലേക്ക് ടണലിന്റെ മുകളിൽ നിന്നും വശങ്ങളിലും നിന്നും അണുനാശിനി സ്പ്രേ ചെയ്യുന്നു. പുകയുടെ രൂപത്തിലാണ് അണുനാശിനി.
പുടിനെ നേരിട്ട് കാണനെത്തുന്നവരെയെല്ലാം ആദ്യം കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഏപ്രിലിൽ പുടിന്റെ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞിരുന്നു. ഇതിനു ഒരു മാസത്തിന് ശേഷം പെസ്കോവിന് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. നിലവിൽ 7,478 പേരാണ് റഷ്യയിൽ കൊവിഡ് ബാധിച്ച് ഇതേവരെ മരിച്ചത്. 553,301 പേർക്ക് രോഗം സ്ഥിരീകരിച്ചു. തലസ്ഥാനമായ മോസ്കോയിലാണ് ഏറ്റവും കൂടുതൽ രോഗികൾ.