maranalloor

മലയിൻകീഴ്: മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പണികഴിപ്പിച്ച പൊതു ശ്മശാനമായ ആത്മനിദ്രാലയം പണി പൂർണമായിട്ടും നാട്ടുകാർക്ക് പ്രയോജനമില്ലാതെ കിടക്കുന്നു. ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും തടസവാദങ്ങളാണ് പൊതു ശ്മശാനം യാഥാർത്ഥ്യമായിട്ടും പ്രവർത്തനമാരംഭിക്കാതെ കിടക്കുന്നത്. മാറനല്ലൂർ പഞ്ചായത്തിന്റെ 2004 മുതലുള്ള ആവശ്യമാണ് പൊതു ശ്മശാനം വേണമെന്നത്. നാട്ടുകാരുടെ ആവശ്യപ്രകാരമാണ് പഞ്ചായത്ത് സർക്കാർ വക ഭൂമി ഒരേക്കർ 6സെന്റ് സ്ഥലം 4,​07,​550 രൂപയ്ക്ക് വാങ്ങിയത്. ആധുനിക രീതിയിലുള്ള വൈദ്യുതി ശ്മശാനത്തിന്റെ ശിലാസ്ഥാപനം 2015 സെപ്‌തംബറിൽ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്തനാണ് നിർവഹിച്ചത്. 75 ലക്ഷം രൂപ വിനിയോഗിച്ച് ശാന്തി കവാടം മാതൃകയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത് എൻ. ഭാസുരാംഗൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്താണ്. ആത്മനിദ്രാലയമെന്ന് മാറനല്ലൂർ വൈദ്യുത ശ്മശാനത്തിന് പേര് നൽകിയതും അന്നത്തെ ഭരണസമിതി ആയിരുന്നു. പിന്നീട് നിരവധി ഭരണ സമിതികൾ മാറിമാറി വന്നെങ്കിലും അതിൽ പലരും ശ്മശാനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോകുന്നതിൽ കാര്യമായ താത്പര്യമൊന്നും കാട്ടിയിരുന്നില്ലെന്ന് ആക്ഷേപമുണ്ട്. ശ്മശാനത്തിന്റെ പേരിൽ പ്രതിപക്ഷത്തുനിന്ന് സമരങ്ങളുണ്ടാകുമ്പോൾ പദ്ധതി ഉടൻ ആരംഭിക്കുമെന്ന് പ്രഖ്യാപനം ഉണ്ടാകുക മാത്രമാണു നടക്കുന്നതെന്നും എന്നാൽ ഇതുവരെ യാതൊന്നും നടന്നിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. ആവശ്യമായ കെട്ടിടങ്ങൾ,​ യന്ത്രസാമഗ്രികൾ,​ വെള്ളം,​ വൈദ്യുതി എന്നിവയെല്ലാം ശ്മശാനത്തിലുണ്ടായിട്ടും ഉദ്ഘാടനം മാത്രമാണ് അനിശ്ചിതമായി തുടരുന്നത്. കാലപ്പഴക്കം മൂലം യന്ത്രസാമഗ്രികളെല്ലാം തുരുമ്പെടുത്തു എന്നാണ് പ്രദേശവാസികൾ പറയുന്നത്.

ആത്മനിദ്രാലയം

കുക്കുരിപാറയ്ക്ക് സമീപത്തെ മലവിളയിലാണ് ശ്മശാന ഭൂമി സ്ഥിതിചെയ്യുന്നത്. ശ്മശാനം പ്രവർത്തനം ആരംഭിക്കുന്നതോടെ സാധാരണക്കാർക്കും,​ വളരെ കുറച്ച് മാത്രം വസ്തുവുള്ളവർക്കും ശവസംസ്കാരത്തിനുള്ള ബുദ്ധിമുട്ടിന് പരിഹാരമാകും. ശവസംസ്കാരത്തിനായി ശാന്തികവാടത്തിനെയാണ് ഇവിടെയുള്ളവർ പൊതുവെ ആശ്രയിക്കുന്നത്. ഇവിടെ ശ്മശാനം വന്നുകഴിഞ്ഞാൽ ശവസംസ്കാരത്തിനുള്ള സാമ്പത്തിക ബുദ്ധിമുട്ടിനും ഒരു പരിധിവരെ അറുതി വരും. നിലവിൽ സ്ഥല പരിമിതിയുള്ളവർ വീട്ടുമുറ്റത്തും,​ അടുക്കള ഭാഗത്തുമാണ് ഉറ്റവരുടെ മൃതദേഹങ്ങൾ മറവ് ചെയ്യുന്നത്.

 നാൾ വഴികൾ

2004- ശ്മശാനത്തിനായി സ്ഥലം വാങ്ങി

2014- സ്ഥലം വാങ്ങിയ ശേഷം 10 വർഷം യാതൊരു നിർമ്മാണ പ്രവർത്തനങ്ങളും നടന്നിട്ടില്ല

2015- ശ്മശാനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു

2016- കെട്ടിടത്തിന്റെ പണി പൂർത്തിയായി

2017- ശ്മശാനത്തിന്റെ നിർമ്മാണം പൂർത്തിയായി

 ആത്മനിദ്രാലയം ശ്മശാനത്തിന് വേണ്ടി ഒരേക്കർ 63 സെന്റ് സർക്കാർ വക ഭൂമിയാണ് വാങ്ങിയത്.

 സെന്റിന് 2,​470 രൂപ നിരക്കിൽ 4,​07,​550 രൂപയാണ് ഭൂമിക്കായി ചെലവാക്കിയത്.