ലഡാക്ക് അതിർത്തിയിൽ തിങ്കളാഴ്ച നടന്ന സംഘർഷത്തിൽ വലിയ തോതിലുള്ള ആൾ നാശമുണ്ടായത് ഇന്ത്യ - ചൈന ബന്ധത്തിൽ അപ്രതീക്ഷിതമായ വലിയൊരു വിള്ളലുണ്ടാക്കിയിരിക്കുകയാണ്. ഏറ്റുമുട്ടലിൽ ഇന്ത്യയുടെ ഭാഗത്ത് ഒരു കേണൽ ഉൾപ്പെടെ ഇരുപതു സൈനികരാണ് വീരമൃത്യു വരിച്ചത്. ചൈനയുടെ ഭാഗത്തും 43 സേനാംഗങ്ങൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണു വിവരം. വെടിയേറ്റല്ല ഇരുഭാഗത്തെയും ആൾനാശമെന്നാണു വിവരം. സംഭവത്തെക്കുറിച്ചു പൂർണ വിവരങ്ങൾ പലതും ഇനിയും ലഭിച്ചിട്ടില്ല. അതിർത്തി കാവലിലേർപ്പെട്ടിട്ടുള്ള സേനാംഗങ്ങൾ പരസ്പരം വാഗ്വാദങ്ങളിലും ചെറിയ തോതിലുള്ള ഏറ്റുമുട്ടലുകളിലും ഏർപ്പെടുക പതിവാണ്. അത്തരം അവസരങ്ങളിലും തോക്കെടുക്കാൻ ഇരു ഭാഗക്കാരും മുതിരാറില്ല. ചെറിയ തോതിലുള്ള മർദ്ദന മുറകളും മുഖാമുഖം നിന്നുകൊണ്ട് പരസ്പരം കല്ലേറു നടത്തുകയുമൊക്കെയാണ് പതിവ്. എന്നാൽ തിങ്കളാഴ്ച ഈ മുറകൾ എല്ലാ പരിധികളും ലംഘിച്ചുവെന്നു വേണം കരുതാൻ.
വ്യക്തമായ ഉദ്ദേശ്യലക്ഷ്യങ്ങളോടെ തന്നെയാകാം ചൈനയുടെ ഈ പ്രകോപനമെന്നാണ് വിലയിരുത്തേണ്ടത്. ഒരു മാസത്തോളമായി തുടരുന്ന അതിർത്തി സംഘർഷത്തിന് അയവു വരുത്താൻ ഇരു രാജ്യങ്ങളുടെയും മുതിർന്ന സേനാ ഓഫീസർമാർ ചർച്ച നടത്തി ഏകദേശ ധാരണ ഉണ്ടാക്കി മണിക്കൂറുകൾക്കകമാണ് പൊടുന്നനെ സേനകൾ തമ്മിൽ ഏറ്റുമുട്ടിയതെന്നത് വിരോധാഭാസമായി തോന്നാം. തന്ത്രപ്രധാനമായ ലഡാക്ക് അതിർത്തിയിൽ ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്ന റോഡ്, എയർ സ്ട്രിപ്പ് നിർമ്മാണങ്ങളും മറ്റു പ്രവർത്തനങ്ങളും ചൈനയെ ചൊടിപ്പിക്കുന്ന കാര്യമാണ്. അതിനു പുറമെ മറ്റു നിരവധി ദേശീയ പ്രശ്നങ്ങളും ഇത്തരത്തിലൊരു അതിർത്തി സംഘർഷം സൃഷ്ടിക്കുന്നതിന് ചൈനയ്ക്ക് പ്രേരകമായിട്ടുണ്ടാകാമെന്ന വിദഗ്ദ്ധരുടെ വിലയിരുത്തലും ഇതോടൊപ്പം കാണണം. ഏതായാലും അതിർത്തി സംഘർഷം തണുപ്പിക്കുന്നതിന് ചൊവ്വാഴ്ച തന്നെ ഉന്നതതല കൂടിയാലോചന തുടങ്ങിയത് നന്നായി. ഏറ്റുമുട്ടൽ ഒന്നിനും പരിഹാരമല്ല എന്ന ഗുണപാഠം ഉൾക്കൊള്ളാൻ ചൈനയ്ക്കു വിഷമമായിരിക്കും. എന്നിരുന്നാലും ആഗോള തലത്തിൽ വിരലുകളിലധികവും തങ്ങൾക്കു നേരെ തിരിഞ്ഞുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ നിലവിട്ടുള്ള ഒരു കളിക്ക് എന്തായാലും അവർ മുതിരുമെന്നു തോന്നുന്നില്ല. തിങ്കളാഴ്ച അതിർത്തി സംഘർഷത്തിൽ വീരചരമം പ്രാപിച്ച കേണൽ സന്തോഷ് ബാബു ഉൾപ്പെടെയുള്ള ഇരുപതു സേനാംഗങ്ങളും രാജ്യത്തിന്റെ മുഴുവൻ ആദരവും അർഹിക്കുന്നു, രാജ്യത്തിന്റെ അഭിമാനം നിലനിറുത്താൻ സ്വജീവൻ ബലി നൽകിയവരാണവർ.
ലോകം ഒന്നാകെ കൊവിഡ് മഹാമാരിക്കെതിരെ വിശ്രമമില്ലാതെ പോരാടിക്കൊണ്ടിരിക്കുന്ന ഘട്ടത്തിൽ അതിർത്തി സംഘർഷമുണ്ടാക്കി ശ്രദ്ധ തിരിക്കാനുള്ള ചൈനയുടെ ശ്രമത്തിനു പിന്നിൽ ഒളി അജണ്ട നിശ്ചയമായും കാണും. കൊവിഡ് പ്രശ്നത്തിലുൾപ്പെടെ ലോക രാജ്യങ്ങൾക്കു മുന്നിൽ അപരാധിയായി നിൽക്കുകയാണവർ. മഹാമാരിയുടെ ഉത്ഭവം ചൈനീസ് നഗരമായ വുഹാനിലായിരുന്നു. രോഗം പടർന്നിട്ടും ആഴ്ചകളോളം വിവരം മറച്ചുവച്ചതിന്റെ പേരിൽ ചൈനക്കെതിരെ ലോകാരോഗ്യ സംഘടനയുടെ അന്വേഷണം നടക്കുകയാണ്. മഹാമാരിയുടെ ആഘാതത്തിൽ ലോക സമ്പദ് വ്യവസ്ഥ തകർന്നടിഞ്ഞുനിൽക്കെ ഇത് അവസരമാക്കി ഏഷ്യൻ രാജ്യങ്ങളുടെ അധിപരായി സ്വയം അവരോധിക്കാനുള്ള ശ്രമത്തിലാണ് ചൈന. അമേരിക്ക, ആസ്ട്രേലിയ ഉൾപ്പെടെയുള്ള വൻശക്തികളുമായി കൂടുതൽ അടുത്തുകൊണ്ടിരിക്കുന്ന ഇന്ത്യ ഭാവിയിൽ തങ്ങൾക്കു വലിയ എതിരാളിയായിത്തീരുമോ എന്ന ശങ്കയും അവർക്കുണ്ട്.
അതിർത്തി സംഘർഷം തുറന്ന ഒരു ഏറ്റുമുട്ടലിന് വഴിമാറാതിരിക്കാൻ പരമാവധി വിവേകം പുലർത്തുക എന്നതാണ് ഇരു രാജ്യങ്ങൾക്കും നല്ലത്. ഇതിനർത്ഥം ചൈനയുടെ ധാർഷ്ട്യവും തൻപോരിമയും അതേപടി ശിരസ്സാവഹിച്ച് ഇന്ത്യ അഭിമാനം പണയപ്പെടുത്തണമെന്നല്ല. അതിർത്തി കൈയേറ്റം അതേ നാണയത്തിൽത്തന്നെ തുരത്താൻ സുസജ്ജമായ ഇന്ത്യൻ സേനയ്ക്കു കഴിയും. അതേസമയം അത് വലിയ തോതിലുള്ള ഏറ്റുമുട്ടലിലേക്കു വളരാതിരിക്കാനും ശ്രദ്ധിക്കണം.
ചൈനയോടു പകരം വീട്ടാൻ ഇന്നത്തെ സാഹചര്യത്തിൽ ഏറ്റവും ഫലപ്രദമായ മാർഗം ലോകത്തെ ഒന്നാം നമ്പർ സാമ്പത്തിക ശക്തിയായി വളരാനുള്ള അവരുടെ മോഹത്തിന് നമ്മളാലാകും വിധം ഭംഗം വരുത്തുക എന്നതാണ്. വളരെ നിശബ്ദമായി അതു ചെയ്യാൻ ഇന്ത്യയ്ക്കു സാധിക്കും. ചൈനീസ് ഉത്‌പന്നങ്ങളുടെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. അമേരിക്ക ഉൾപ്പെടെയുള്ള വൻകിടക്കാർ ചൈനയോട് ഇടഞ്ഞുനിൽക്കുകയാണ്. ചൈനയിലേക്കു പോകുന്ന വിദേശ നിക്ഷേപങ്ങളുടെ നല്ലൊരു ഭാഗം ആകർഷിക്കാൻ നമുക്ക് സാധിക്കും. അതിനാവശ്യമായ നടപടികളുണ്ടായാൽ മതി. ഇന്ത്യയുടെ വളർച്ച എന്നും അസഹിഷ്ണുതയോടെ കാണുന്ന ചൈന വികസിത രാജ്യങ്ങളുടെ കൂട്ടായ്മയിലേക്കു ഇന്ത്യ കൂടുതൽ അടുക്കുന്നതിൽ ഏറെ അസന്തുഷ്ടരാണ്. അതിർത്തി സംഘർഷവും യുദ്ധസാദ്ധ്യതയുമൊക്കെ ഇന്ത്യയെ തളർത്താനും തങ്ങളുടെ ആഭ്യന്തര പ്രശ്നങ്ങളിൽ നിന്ന് ലോക ശ്രദ്ധ തിരിച്ചുവിടാനുമുള്ള അടവായി കരുതുന്നവരും ധാരാളമുണ്ട്. സൈനിക പ്രഹരത്തെക്കാൾ ഇന്നത്തെ സാഹചര്യങ്ങളിൽ ചൈനയുടെ മർമ്മത്തുകൊള്ളുക സൈനികേതര രംഗത്തെ ആസൂത്രിത നീക്കങ്ങളായിരിക്കും. ഒരു നിയന്ത്രണവുമില്ലാതെ ഇന്ത്യൻ വിപണിയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന ചൈനീസ് ഉത്പന്നങ്ങൾക്കു നിയന്ത്രണം വച്ചാൽ പോലും അതിനു ഫലമുണ്ടാകും. തങ്ങളെ വിരട്ടാൻ നോക്കിയ ചൈനയെ ആസ്ട്രേലിയ വരച്ച വരയിൽ നിറുത്തിയത് ഇതേ തന്ത്രം പ്രയോഗിച്ചാണ്. ഏറ്റവും കൂടുതൽ ഉരുക്കു ഉപയോഗിക്കുന്ന ചൈന ആസ്ട്രേലിയയിൽ നിന്നാണ് ഏറ്റവുമധികം ഇരുമ്പയിര് ഇറക്കുമതി ചെയ്തുകൊണ്ടിരുന്നത്. അതിനു നിയന്ത്രണം ഏർപ്പെടുത്തിയതോടെ ചൈനയെ വരുതിയിൽ നിറുത്താൻ ആസ്ട്രേലിയയ്ക്കു സാധിച്ചു. സാമ്പത്തിക - വാണിജ്യ - വ്യാപാര മേഖലകളിലുണ്ടാക്കുന്ന ചെറിയ ആഘാതം പോലും സഹിക്കാവുന്ന സ്ഥിതിയിലല്ല ചൈന എന്ന് പരക്കെ അറിവുള്ളതാണ്. അതിർത്തിയിലെ സാഹസത്തിന് ചൈനയ്ക്കുള്ള ഏറ്റവും ഫലപ്രദമായ മറുപടി ഇതേ മട്ടിലുള്ളതാകണം.
വർഷങ്ങളായി പാകിസ്ഥാനെയും പല വഴിക്കും ഇന്ത്യയ്ക്കെതിരെ ചട്ടുകമാക്കി വരുന്ന ചൈന ഏറ്റവും ഒടുവിൽ നേപ്പാളിനെയും കൂട്ടുപിടിച്ച് അതിർത്തി പ്രശ്നം സൃഷ്ടിക്കുകയാണ്. ശ്രീലങ്ക, മാലദ്വീപ് തുടങ്ങി പല കൊച്ചുരാജ്യങ്ങളിലും വ്യവസായ നിക്ഷേപമെന്ന വ്യാജേന സൈനിക സാന്നിദ്ധ്യം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ചൈനയുടെ ഉള്ളിലിരുപ്പ് വളരെ പ്രകടമാണ്. അതു മനസിലാക്കി യുക്തമായ നടപടികൾ സ്വീകരിക്കുന്നതിലാണ് രാജ്യതന്ത്രജ്ഞത കുടികൊള്ളുന്നത്.