പച്ച നിറത്തോടുകൂടിയ തിളക്കത്തോടെ ആകാശത്ത് ചീറിപ്പാഞ്ഞ വസ്തുവിനെ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ഓസ്ട്രേലിയക്കാർ. വിദൂര ചിന്നഗ്രഹത്തെയാണ് ദൃശ്യമായതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നു. ഞായറാഴ്ച രാത്രിയയാണ് ഓസ്ട്രേലിയയിലുടനീളം രാത്രി ഈ ദൃശ്യം തെളിഞ്ഞത്. ശക്തമായ പച്ച പ്രകാശത്തിന്റെ അകമ്പടിയോടെ സഞ്ചരിച്ച വസ്തുവിന്റെ ദൃശ്യങ്ങൾ നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു.
'2002 എൻ.എൻ.4 ' എന്ന ചിന്ന ഗ്രഹം ഭൂമിയ്ക്കടുത്തു കൂടി കടന്നു പോയതാണിതെന്നാണ് ശാസ്ത്രജ്ഞരുടെ വിശദീകരണം. ആറ് ഫുട്ബോൾ ഫീൽഡുകളുടെ വലിപ്പമായിരുന്നു ഈ ചിന്നഗ്രഹത്തിന് ! ഏകദേശം 570 മീറ്റർ വീതിയുള്ള ഈ ചിന്നഗ്രഹം ഭൂമിയിൽ നിന്നും 5.2 മില്യൺ കിലോമീറ്റർ അകലത്തിലാണ് സഞ്ചരിച്ചത്. അതായത്, ചന്ദ്രനും ഭൂമിയും തമ്മിലുള്ള ദൂരത്തേക്കാൾ 13 ഇരട്ടി. എന്നിട്ടുപോലും ഇത് സൃഷ്ടിച്ച പ്രകാശം വാന നിരീക്ഷകർക്ക് കൗതുകമായി.
958,703 ചിന്നഗ്രഹങ്ങളെ നാസ കണ്ടെത്തിയിട്ടുണ്ട്. എല്ലാ 200 - 300 വർഷങ്ങൾ കൂടുമ്പോൾ ഭൂമിയിൽ ഇവ ഏതെങ്കിലും തരത്തിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാമെന്നും ഗവേഷകർ വിലയിരുത്തുന്നു. ഏകദേശം 530 കിലോമീറ്റർ മുതൽ 10 മീറ്ററിൽ താഴെ വരെ വ്യാസമുള്ള ചിന്നഗ്രഹങ്ങൾ ഇക്കൂട്ടത്തിലുണ്ട്. ഏതായാലും വലിപ്പത്തിൽ ഭീമനാണെങ്കിലും ഭൂമിയ്ക്ക് ദോഷം സംഭവിക്കാത്ത രീതിയിൽ സുരക്ഷിതമായി കടന്നുപോയ 2002 എൻ.എൻ.4 ഇനി 2029ലാണ് ഭൂമിയ്ക്കരികിലൂടെ വീണ്ടും കടന്നു പോകുക.
ഭൂമിയിൽ നിന്നും സാധാരണ ആകാശത്തു കൂടി പായുന്ന മറ്റൊരു ഭൗമ വസ്തുവാണ് ഉൽക്കകൾ. ഇവ ചിന്ന ഗ്രഹങ്ങളുടെയത്ര അപകടകാരികളല്ലെങ്കിലും ഭൂമിയിൽ ചിലപ്പോൾ നാശനഷ്ടങ്ങൾക്ക് ഇടവരുത്താം. 2013 ഫെബ്രുവരി 15ന് 17 മീറ്റർ വ്യാസമുണ്ടായിരുന്ന ഒരു ഉൽക്ക ഭൗമാന്തരീക്ഷത്തിൽ പൊട്ടിത്തെറിച്ച് തകർന്നു വീണിരുന്നു. റഷ്യയിലെ ചെല്യബിൻസ്കിലാണ് കൂറ്റൻ ഉൽക്ക പതിച്ചത്. അപകടത്തിൽ 1500 ലധികം പേർക്ക് പൊള്ളലേൽക്കുകയും നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുണ്ടാവുകയും ചെയ്തിരുന്നു.