തിരുവനന്തപുരം: പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ വന്ദേ ഭാരത് മിഷൻ അട്ടിമറിക്കാനുള്ള നീക്കമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു. വിദേശത്തു നിന്ന് വരുന്ന എല്ലാവർക്കും കോവിഡ് പരിശോധന നിർബന്ധമാക്കി ക്കൊണ്ടുള്ള മന്ത്രിസഭ തീരുമാനം പ്രവാസികളോടുള്ള ക്രൂരതയാണെന്ന് സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
കേരളത്തിലേക്കുള്ള എല്ലാവിമാനങ്ങളിലും വരുന്ന പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന തീരുമാനം അംഗീകരിക്കാനാകില്ല.
വിദേശ രാജ്യങ്ങളിൽ രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് പരിശോധന നടത്താനാകില്ല. എംബസികളുമായി ബന്ധപ്പെട്ട് പരിശോധന നടത്തുന്നതും പ്രായോഗികമല്ല. അതിനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിന് കാലതാമസം വരും. കേരളത്തിലേക്ക് വരാൻ തയ്യാറെടുക്കുന്ന മലയാളികളുടെ യാത്ര മുടക്കാനേ ഈ തീരുമാനം ഉപകരിക്കു. മറ്റു സംസ്ഥാനങ്ങളൊന്നും ഇത്തരം നിർദ്ദേശം മുന്നോട്ടു വച്ചിട്ടില്ലാത്തതിനാൽ അവിടങ്ങളിലേക്ക് വന്ദേ ഭാരത് മിഷൻ പ്രകാരമുള്ള വിമാനങ്ങൾ യാത്ര ചെയ്യും.
കേരളത്തിലേക്ക് എത്ര പേർ വന്നാലും സ്വീകരിക്കാൻ തയ്യാറെന്നും എല്ലാ സൗകര്യങ്ങളും ഉണ്ടെന്നും ഹൈക്കോടതിയിൽ പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിഞ്ഞു. കൊവിഡ് പ്രതിരോധ കാര്യത്തിൽ പിണറായി സർക്കാർ പൂർണ പരാജയമാണെന്നും സുരേന്ദ്രൻ പറഞ്ഞു.