കിളിമാനൂർ: കൊച്ചു പാലം" വലിയ പാലമാകുന്നതും പ്രതീക്ഷിച്ചിരിക്കാൻ തുടങ്ങിയിട്ട് കാലങ്ങളാകുന്നു. സംസ്ഥാന പാതയെയും ദേശീയ പാതയെയും തമ്മിൽ ബന്ധിപ്പിക്കുന്ന കിളിമാനൂർ - ആലം കോട് റോഡിൽ കിളിമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമുള്ള കൊച്ചു പാലമാണ് കാലപ്പഴക്കത്താലും, സ്ഥലപരിമിതിയാലും ബുദ്ധിമുട്ടുന്നത്. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള പാലത്തിന്റെ കൈ വരികൾ തകരുകയും, കോൺക്രീറ്റ് ഇളകി കമ്പികൾ പുറത്ത് വരികയും ചെയ്തിരുന്നു. കൈവരികൾ തകർന്നതോടെ പാലത്തിലൂടെ കാൽ നടയാത്രയായി പോകുന്നവർ വാഹനങ്ങൾ വന്നാൽ തോട്ടിലേക്ക് വീഴുന്ന അവസ്ഥയാണുണ്ടായിരുന്നത്. പഞ്ചായത്ത് പാലത്തിന് സമാന്തരമായി ഇരുമ്പ് നടപ്പാലം നിർമ്മിച്ചെങ്കിലും കൊച്ചു പാലത്തിലൂടെ കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രമേ പോകാൻ കഴിയുള്ളൂ. ഇത് പലപ്പോഴും ഗതാഗതക്കുരുക്കിന് കാരണമാകാറുണ്ട്. ഇതെല്ലാം ചൂണ്ടിക്കാട്ടി കേരളകൗമുദി നിരവധി തവണ വാർത്തയും നൽകിയിരുന്നു. ഇതേ തുടർന്ന് ബി. സത്യൻ എം.എൽ.എ ഇടപെടുകയും പുതിയ പാലത്തിനുള്ള ഭരണാനുമതി കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ലഭിക്കുകയുമായിരുന്നു. ഈ റോഡിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആലംകോട് മുതൽ - പുതിയകാവ് വരെ ബി എം ആൻഡ് ബി.സി നിലവാരത്തിൽ റോഡ് നവീകരിച്ചിരുന്നെങ്കിലും തുടർന്നിങ്ങോട്ട് കൊച്ചുപാലം ഉൾപ്പെടുന്ന കിളിമാനൂർ വരെയുള്ള ഒരു കിലോമീറ്റർ വികസനമില്ലാത്ത അവസ്ഥയായിരുന്നു. ഇതോടൊപ്പം ഈ ഒരു കിലോമീറ്റർ റോഡും വികസനം കൂടി നടക്കുന്നതോടെ മണ്ഡലത്തിലെ സംസ്ഥാന പാതയും, ദേശീയ പാതയും ബന്ധിപ്പിക്കുന്ന എല്ലാ റോഡുകളും അത്യാധുനിക നിലവാരത്തിലുള്ളതാകും.