vld-2

വെള്ളറട: ഗ്രാമപഞ്ചായത്തിന്റെ സ്റ്രേഡിയം നിർമ്മാണം വൈകുന്നതിൽ വെള്ളറടയിൽ കായിക പ്രേമികൾക്കിടയിൽ പ്രതിഷേധം ഇരമ്പുന്നു. ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടും പഞ്ചായത്ത് സ്റ്റേഡിയ നിർമ്മാണം എങ്ങുമെത്തിയിട്ടില്ല. ഗ്രാമപഞ്ചായത്ത് ആറാട്ടുകുഴിയിൽ സ്റ്റേഡിയം നിർമ്മിക്കാനായി വാങ്ങിയ സ്ഥലം കാടുകയറി നശിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഗ്രാമപഞ്ചായത്ത് അരക്കോടിയിലേറെ രൂപ ചെലവഴിച്ച് പഞ്ചായത്തിലെ പന്നിമല വാർഡിൽ വാങ്ങിയ ഒരേക്കർ സ്ഥലമാണ് ആർക്കും വേണ്ടാതെ കാടുകയറി നശിക്കുന്നത്. സെന്റിന് അൻപതിനായിരം രൂപ നൽകിയാണ് സ്ഥലം വാങ്ങിയത്. എന്നാൽ സ്റ്റേഡിയം നിർമ്മിക്കാൻ വാങ്ങിയ സ്ഥലത്ത് മെയിൻ റോഡിൽ നിന്നും വാഹനം പോകുന്നതിനുള്ള സൗകര്യം പോലും ഇല്ലെന്ന ആരോപണവും ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ ഈ സ്ഥലത്ത് പഞ്ചായത്ത് റോഡ് നിർമ്മിച്ചു. കളിസ്ഥലമില്ലാത്ത വെള്ളറടയിൽ സ്റ്റേഡിയം നിർമ്മിക്കണമെന്ന ആവശ്യം ശക്തമായതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം നിർമ്മാണത്തിന് 28 ലക്ഷംരൂപ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് മുൻപ് ഉണ്ടായിരുന്ന സ്റ്റേഡിയം വക മാറ്റിയതിലും,​ നിലവിലെ സ്റ്റേഡിയത്തിന്റെ പണികൾ പൂർത്തിയാകാത്തതിലും ഗ്രാമപഞ്ചായത്തിന്റെ കേരളോത്സവം പോലും മറ്റുള്ള സ്ഥലങ്ങളിൽ വച്ചാണ് നടത്തുന്നത്. നിരവധി കലാ സാംസ്കാരിക സംഘടനകൾ ഉള്ള ഗ്രാമപഞ്ചായത്തിൽ കളിസ്ഥലമില്ലാത്തത് ഏറെ ബുദ്ധിമുട്ട് സ‌ൃഷ്ടിക്കുന്നുണ്ട്. എന്നാൽ വിവിധ കായിക മത്സരങ്ങളിൽ വെള്ളറട പ്രദേശത്ത് നിന്നുള്ള കായിക പ്രേമികൾ ഏറെ മുന്നിൽ എത്തുന്നുവെങ്കിലും ഇവർക്ക് ആവശ്യമായ കളിസ്ഥലം ഇല്ലാത്തതുകാരണം ശരിയായരീതിയിലുള്ള പരിശീനത്തോടുകൂടി മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയുന്നില്ല. ഒരു കാലത്ത് വെള്ളറട കേന്ദ്രീകരിച്ച് നിരവധി ടൂർണമെന്റുകൾ സംഘടിപ്പിച്ചിരുന്നു.അത് ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. ഇപ്പോൾ സ്റ്റേഡിയ നിർമ്മാണത്തിന് 40 ലക്ഷം രൂപ നീക്കി വച്ചിട്ടുണ്ട്. അതുകൊണ്ട് വൈകാതെ സ്റ്റേഡിയം നിർമ്മിക്കുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.

അനുവദിച്ച തുക - 40 ലക്ഷം

മുൻപുണ്ടായിരുന്ന സ്റ്റേഡിയം

നേരത്തേ ഉണ്ടായിരുന്ന സ്റ്റേഡിയം വർഷങ്ങൾക്ക് മുൻപ് കെ.എസ്.ആർ.ടി.സി ഡിപ്പോ സ്ഥാപിക്കാൻ നൽകിയതോട് കൂടിയാണ് വെള്ളറടയിലുണ്ടായിരുന്ന സ്റ്റേഡിയം നഷ്ടപ്പെട്ടത്. പകരം സ്റ്റേഡിയനിർമ്മാണത്തിന് ആവശ്യമായ സ്ഥലം വാങ്ങിയതു തന്നെ വർഷങ്ങൾ കഴിഞ്ഞാണ്. പുതിയ തലമുറയിലേക്ക് വെള്ളറയുടെ കായിക പാരമ്പര്യം പകരാനുള്ള അവസരം നഷ്ടപ്പടുകയാണ് നിർമ്മാണം വൈകുന്നതിലൂടെ സംഭവിക്കുന്നതെന്ന് കായിക പ്രേമികൾ പറയുന്നു. ഇതിലൂടെ പുതുതലമുറ മൊബൈലിനും കമ്പ്യൂട്ടറുകൾക്കും മുന്നിൽ സമയം ചെലവിടുന്നതിലൂടെ കായികശേഷിയാണ് നഷ്ടപ്പെടുന്നതെന്നും ഇവർ പറയുന്നു.