ന്യൂഡൽഹി: കൊവിഡ് വ്യാപനത്തെതുടർന്ന് പ്രഖ്യാപിച്ച ആറുമാസത്തെ മോറട്ടോറിയം കാലത്തെ പലിശ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ വാദം കേൾക്കുന്നത് ആഗസ്റ്റ് ആദ്യ വാരത്തിലേക്ക് സുപ്രീംകോടതി നീട്ടി. വായ്പകളുടെ മോറട്ടോറിയം പദ്ധതി അവലോകനം ചെയ്യാനും കാർഷികം ഉൾപ്പെടെയുള്ള വിവിധ മേഖലകൾക്കനുസൃതമായി പദ്ധതി ആവിഷ്‌കരിക്കാനും കോടതി കേന്ദ്ര സർക്കാരിനും റിസർവ് ബാങ്കിനും നിർദേശം നൽകി.
മോറട്ടോറിയം കാലത്തെ പലിശ ഒഴിവാക്കാനാവില്ലെന്നും അത് ബാങ്കുകളുടെ നിലനിൽപ്പിനെതന്നെ ബാധിക്കുമെന്നും റിസർവ് ബാങ്ക് സത്യവാങ്മൂലത്തൽ വ്യക്തമാക്കിയിരുന്നു. മാർച്ച് ഒന്നുമുതൽ മെയ് 31വരെയാണ് ആദ്യഘട്ടത്തിൽ ആർ.ബി.ഐ മോറട്ടോറിയം പ്രഖ്യാപിച്ചത്. രണ്ടാംഘട്ടത്തിൽ ഇത് ആഗസ്റ്റ് 31വരെ നീട്ടുകയുംചെയ്തു. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.