പൂവാർ: വീടുകളിൽ അനുയോജ്യമായ ക്വാറന്റൈൻ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ അടിമലത്തുറ മുതൽ പൂവാർ വരെയുള്ള തീരദേശവാസികൾ പ്രതിസന്ധിയിൽ. കഴിഞ്ഞ ദിവസങ്ങളിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും ഇവിടേക്ക് തിരിച്ചെത്തിയവർ നിരവധിയാണ്. ക്വാറന്റൈൻ സൗകര്യങ്ങള കുറിച്ച് സർക്കാരിനെ അറിയിച്ച് വീട്ടിലെത്തുന്നവർ പരിമിതമായ സൗകര്യങ്ങളിലാണ് കഴിയുന്നതെന്നാണ് കണ്ടെത്തൽ. നൽകിയിരിക്കുന്ന വിവരങ്ങൾ ശരിയാണോ എന്ന് അന്വേഷിച്ചെത്തുന്ന കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതലയുള്ള ആരോഗ്യ പ്രവർത്തകരും പഞ്ചായത്ത് പ്രതിനിധികളും ഉൾപ്പെടുന്ന ദ്രുതകർമ്മ സേനയിലെ അംഗങ്ങളാണ് വീടുകളിലെ പരിമിതമായ സൗകര്യങ്ങളിൽ തിങ്ങിഞെരുങ്ങി കഴിയുന്ന വിവരം അറിയിച്ചത്. ട്രെയിനുകളിലും വിമാനത്തിലും വന്നിറങ്ങി വീടുകളിലെത്തിയിട്ട് പുറത്തിറങ്ങി ചുറ്റുന്നവരും കുറവല്ല. ഇവിടങ്ങളിലെ വീടുകളിൽ ബഹുഭൂരിഭാഗവും ഒറ്റമുറി മാത്രമുള്ളവയാണ്. എല്ലാ അംഗങ്ങളും വീടുകളിൽ വന്നണയുമ്പോൾ അവരിൽ ചിലർ രാത്രികാലങ്ങളിൽ ഉറങ്ങുന്നത് തീരത്തെ മണൽപരപ്പിലായിരിക്കും. കുരിശടികളിലും ഫിഷറീസ് ഡിപ്പാർട്ട്മെന്റും പഞ്ചായത്തുകളും തീരത്ത് നിർമ്മിച്ച് നൽകിയിട്ടുള്ള വിശ്രമകേന്ദ്രങ്ങളിലും അന്തിയുറങ്ങുന്നവരും ധാരാളമാണ്. സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിന്റെ പേരിൽ ആളുകളെ തീരദേശത്തുനിന്നും നിർബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ തിരുവനന്തപുരത്തെ ക്വാറന്റൈൻ സെന്ററിലേക്ക് മാറ്റിയിരുന്നു. പൊഴിയൂർ, പൂവാർ, കരുംകുളം, പുല്ലുവിള, കൊച്ചുപള്ളി, അടിമലത്തുറ തുടങ്ങിയ പ്രദേശങ്ങളിൽ വീടുകളിൽ കഴിഞ്ഞിരുന്നവരെയാണ് മാറ്റിയത്. വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും എത്തുന്നവർ സുരക്ഷിതമായി ക്വാറന്റെെൻ സെന്ററുകളിൽ എത്തുന്നുണ്ടെന്ന് ഉറപ്പു വരുത്താനാകണം. ആദ്യഘട്ടത്തിൽ കൈക്കൊണ്ട ജാഗ്രത ഇപ്പോൾ കാണുന്നില്ലെന്നും ആക്ഷേപമുണ്ട്.