ന്യൂഡൽഹി: വെല്ലുവിളികൾക്ക് മറുപടി നൽകാൻ ഇന്ത്യക്കറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സൈനികരുടെ ജീവത്യാഗം വ്യർത്ഥമാകില്ലെന്ന് പറഞ്ഞ അദേഹം ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നുവെന്നും വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരത്തിൽ വിട്ടുവീഴ്ചയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിമാരുടെ യോഗത്തിലായിരുന്നു പ്രധാനമന്ത്രി അതിർത്തി തർക്കത്തിൽ പ്രതികരിച്ചത്. ഇന്ത്യ-ചൈന സംഘർഷത്തിൽ ആദ്യമായാണ് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടാകുന്നത്.
ഇന്ത്യ - ചൈന അതിർത്തിയിൽ ജീവൻ വെടിഞ്ഞ ധീരസൈനികരുടെ ത്യാഗം വെറുതെയാകില്ല. ഇന്ത്യ എന്നും സമാധാനമാണ് ആഗ്രഹിച്ചത്. പക്ഷേ, പ്രകോപിപ്പിച്ചാൽ കനത്ത മറുപടി കൊടുക്കാൻ ഇന്ത്യ സർവസജ്ജമാണ്. അതെന്ത് തരം സാഹചര്യവുമാകട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചൈനയോട് ഏറ്റുമുട്ടി മരിച്ച സൈനികരെക്കുറിച്ചോർത്ത് രാജ്യം അഭിമാനം കൊള്ളുന്നു. ഇന്ത്യയെ സംബന്ധിച്ച് നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും പരമാധികാരവും പരമപ്രധാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ - ചൈന അതിർത്തിയിലെ സ്ഥിതിഗതികൾ വിശദീകരിക്കാൻ മോദി വെളളിയാഴ്ച സർവകക്ഷിയോഗം വീഡിയോ കോൺഫറൻസിംഗ് വഴി വിളിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ചേരുന്ന യോഗത്തിൽ വിവിധ രാഷ്ട്രീയപാർട്ടി നേതാക്കൾ പങ്കെടുക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തിരുന്നു. സൈനികർക്കായി രണ്ട് മിനിറ്റ് മൗനം ആചരിച്ച ശേഷമാണ് പ്രധാനമന്ത്രി മുഖ്യമന്ത്രമാരുമായുള്ള യോഗം തുടങ്ങിയത്.