ന്യൂഡൽഹി: ഇന്ത്യ-ചൈന-റഷ്യ രാജ്യങ്ങൾ തമ്മിൽ നടത്താനിരുന്നു സുപ്രധാന യോഗം മാറ്റിവച്ചതായി വിവരം. ജൂൺ 22, 23 തിയതികളിൽ നടക്കാനിരുന്ന ഇന്ത്യ-ചൈന-റഷ്യ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗമാണ് മാറ്റിവച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ലഡാക്കിൽ നടന്ന ഇന്ത്യ-ചൈന സംഘർഷത്തിന് പിന്നാലെയാണ് യോഗം മാറ്റിവച്ചത്. അതേസമയം യോഗം എന്നത്തേക്കാണ് മാറ്റിവച്ചതെന്ന് അറിയിച്ചിട്ടില്ല.
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വീഡിയോ കോൺഫറൻസ് മുഖേനയാണ് യോഗം ചേരാനിരുന്നത്. നേരത്തെ മാർച്ചിലാണ് യോഗം നടത്താൻ തീരുമാനിച്ചിരുന്നത്. പിന്നീട് കൊവിഡ് വ്യാപനവും ലോക്ക്ഡൗണും കാരണം യോഗം മാറ്റിവയ്‌ക്കുകയായിരുന്നു.