ആറ്റിങ്ങൽ: ലോക്ക് ഡൗൺ കാലത്ത് യൂ ട്യൂബിൽ വൈറലായ അയ്യേ പങ്കം പങ്കം എന്ന ഷോർട്ട് ഫിലിമിന് സാഹിതിയുടെ കാഴ്ച 2020 ഷോർട്ട് ഫിലിം ഫെസ്റ്റിൽ മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ചു. മടവൂർ പഞ്ചായത്ത് ജീവനക്കാരനും ആറ്റിങ്ങൽ സ്വദേശിയുമായ ഡിങ്കിരി അനിലാണ് ഈ ഫിലിം സംവിധാനം ചെയ്തത്.
ലോക്ക് ഡൗൺ കാലത്തെ ഗൃഹനാഥന്മാരുടെ കുരുത്തക്കോടുകളും അതു വരുത്തി വയ്ക്കുന്ന വിനയും 4 മിനിട്ടിനുള്ളിൽ ആവിഷ്കരിക്കുന്നതാണ് ഈ ഫിലിം. മാദ്ധ്യമ പ്രവർത്തകനും കവിയുമായ വിജയൻ പാലാഴിയുടേതാണ് രചന.
കറുക ക്രിയേഷന്റെ ബാനറിൽ പൂർണമായി മൊബൈലിലാണ് ഇത് ചിത്രീകരിച്ചത്. ഗുരുപ്രിയ ടി.വിയാണ് യൂ ട്യൂബിൽ റിലീസ് ചെയ്തത്. ഫിലിം ശ്രദ്ധയിൽപെട്ട സമയത്തുതന്നെ സിനിമാ താരം സുരാജ് വെഞ്ഞാറമൂട്, നാടക സംവിധാകൻ വക്കം ഷക്കീർ, ബി. സത്യൻ എം.എൽ.എ, നടൻ അനീഷ് രവി, ബിഗ് ബോസ് താരം ഡോ. രജിത് കുമാർ, കാഥികൻ അയിലം ഉണ്ണികൃഷ്ണൻ, സംവിധായകൻ ഫൈസൽ ഹുസൈൻ തുടങ്ങി നിരവധി പ്രമുഖരാണ് നല്ല അഭിപ്രായവുമായി എത്തിയത്.
വിജയൻ പാലാഴി, ഹരി.കെ.എസ്, സാബു നീലകണ്ഠൻ നായർ എന്നിവരാണ് അഭിനേതാക്കൾ. അയ്യപ്പൻ.എ, ജെ.അനിൽകുമാർ, ഷിനു ഗുരുപ്രിയ എന്നിവരാണ് അണിയറ ശില്പികൾ.