തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഉത്തരവ് പ്രകാരം സെക്രട്ടേറിയറ്റിലെ ജോലിഭാരം ഏകീകരിക്കലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ഉദ്യോഗസ്ഥന് നടുറോഡിൽ സി.പി.എം അനുകൂല സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ നേതാവിന്റെ അസഭ്യവർഷം.
സെക്രട്ടേറിയറ്റ് മെയിൻ ഓഫീസിലേക്ക് കടക്കാനുള്ള കന്റോൺമെന്റ് ഗേറ്റിന് മുന്നിൽ തടഞ്ഞുനിറുത്തി അസഭ്യം പറയുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്തെന്ന് പൊതുഭരണ വകുപ്പ് അഡിഷണൽ സെക്രട്ടറിയും സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റുമായ ഹണിക്കെതിരെ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് ജോയിന്റ് സെക്രട്ടറി ആർ. സന്തോഷ്‌കുമാർ മുഖ്യമന്ത്രിക്കും പൊതുഭരണ സെക്രട്ടറിക്കും പരാതി നൽകി. ഇന്നലെ രാവിലെ 11.30നായിരുന്നു സംഭവം.
സന്തോഷ്‌കുമാർ കൺവീനറായുള്ള ജോലിഭാരം ഏകീകരിക്കൽ കമ്മിറ്റി സംഘടനാ നേതൃത്വത്തിന് ഹിതകരമല്ലാത്ത റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത് നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. പിന്നീട് അച്ചടക്കലംഘനം ആരോപിച്ച് സംഘടനയിൽ നിന്ന് പുറത്താക്കി. ഇതിന് പിന്നാലെയാണ് ഇന്നലെയുണ്ടായ സംഭവം.
ജോ. സെക്രട്ടറിയുടെ പരാതി
തന്റെ ഓഫീസ് സ്ഥിതി ചെയ്യുന്ന സെക്രട്ടേറിയറ്റ് അനക്സ് മന്ദിരത്തിൽ നിന്ന് ഔദ്യോഗികാവശ്യത്തിന് മെയിൻ കാമ്പസിലേക്ക് പോകുമ്പോൾ കൈയേറ്റത്തിന് ശ്രമിച്ചു. അസോസിയേഷൻ പ്രസിഡന്റിന്റെ നിർദ്ദേശങ്ങൾക്ക് വഴങ്ങാത്തതും നിയമവകുപ്പിലെ തസ്തികമാറ്റം സംബന്ധിച്ച ശുപാർശ അംഗീകരിക്കാത്തതുമാണ് വൈരാഗ്യത്തിന് കാരണം. തനിക്കെതിരെ പലവിധത്തിലുള്ള വ്യക്തിഹത്യകൾ നടത്തിവരുന്നു.