ബെയ്ജിംഗ് : ആയിരത്തിലേറെ ഫ്ലൈറ്റുകൾ റദ്ദാക്കി, സ്കൂളുകളും മറ്റ് സ്ഥാപനങ്ങളും അടച്ചു, ബീജിംഗ് നഗരം വീണ്ടും ലോക്ക്ഡൗണിലേക്ക്..... കൊറോണ വൈറസിന്റെ രണ്ടാം വരവിനെതിരെയുള്ള യുദ്ധം ചൈനയിൽ തുടങ്ങിക്കഴിഞ്ഞു. നഗരത്തിൽ നിന്നും പുറത്ത് കടക്കാൻ ആർക്കും അനുവാദമില്ല. നഗരത്തിന് പുറത്ത് പോകേണ്ടി വരുന്നവരെ കർശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. വെറും അഞ്ച് ദിവസത്തിനിടെ ബെയ്ജിംഗിൽ റിപ്പോർട്ട് ചെയ്തത് 137 കേസുകളാണ്.
ബെയ്ജിംഗിലെ തെരുവുകളിൽ സുരക്ഷാ വസ്ത്രങ്ങൾ ധരിച്ച ആരോഗ്യ പ്രവർത്തകരെയാണ് ഇപ്പോൾ കാണാൻ സാധിക്കുക. നഗരത്തിലെ ഡിറ്റാൻ ആശുപത്രിയിലാണ് ജൂൺ 11നും 15നും ഇടയിൽ രോഗം സ്ഥിരീകരിച്ച 106 രോഗികളെയും ഐസൊലേഷനിൽ പാർപ്പിച്ച് ചികിത്സിക്കുന്നത്. പകർച്ച വ്യാധികളുടെ ചികിത്സയിൽ പേരുകേട്ട ഡിറ്റാൻ ആശുപത്രി ഇപ്പോൾ കൊവിഡ് സ്പെഷ്യൽ ആശുപത്രിയാക്കി മാറ്റിയിരിക്കുകയാണ്. രോഗികളുടെ എണ്ണം കൂടുമെന്ന് റിപ്പോർട്ട് ഉള്ളതിനാൽ 400 പുതിയ കിടക്കകൾ കൂടി അധികം സജ്ജീകരിക്കാനുള്ള ഒരുക്കത്തിലാണ് ആശുപത്രി അധികൃതർ. നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. ദിവസവും 90,000 പേരെ വരെ ബീജിംഗിൽ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നുവെന്നാണ് അധികൃതർ പറയുന്നത്.
പ്രതിക്കൂട്ടിൽ സാൽമൻ മത്സ്യം, വൈറസ് യൂറോപ്പിൽ നിന്നും എത്തിയതോ ?
സിൻഫാദി ഫുഡ് മാർക്കറ്റാണ് ബീജിംഗിലെ കൊറോണ വൈറസിന്റെ പുതിയ പ്രഭാവ കേന്ദ്രം. നഗരത്തിലേക്കുള്ള 80 ശതമാനം ഇറച്ചിയും പച്ചക്കറികളും ഇവിടെ നിന്നാണ് വില്പന നടത്തുന്നത്. യൂറോപ്യൻ സാൽമൻ മത്സ്യങ്ങളുടെ ഇറക്കുമതി നിറുത്തിയിരിക്കുകയാണ് ചൈന. മാർക്കറ്റിൽ നിന്നും കൊറോണ വൈറസിന്റെ വ്യാപനത്തിന് ഈ മത്സ്യം കാരണമായോ എന്നാണ് ഇപ്പോൾ സംശയിക്കുന്നത്. എന്നാൽ മത്സ്യത്തിലൂടെ രോഗവ്യാപനം നടന്നിട്ടില്ലെന്നാണ് ഗവേഷകരുടെ അഭിപ്രായം. ഇപ്പോൾ അടച്ചിട്ടിരിക്കുന്ന സിൻഫാദി ഫുഡ് മാർക്കറ്റ് വുഹാനിലെ സീ ഫുഡ് മാർക്കറ്റിനേക്കാൾ വലുതാണ്. കൊറോണ വൈറസ് ലോകത്ത് ആദ്യമായി ഉത്ഭവിച്ചെന്ന് കരുതുന്നത് വുഹാനിലെ സീ ഫുഡ് മാർക്കറ്റിലാണ്.
സിൻഫാദി മാർക്കറ്റിൽ സാൽമൻ മത്സ്യത്തെ മുറിക്കാൻ ഉപയോഗിക്കുന്ന ബോർഡിലും കൊറോണ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതാണ് പുതിയ അഭ്യൂഹങ്ങൾക്ക് കാരണം. ഇതോടെ ബീജിംഗിലെ സൂപ്പർമാർക്കറ്റുകളിൽ നിന്നെല്ലാം സാൽമൻ മത്സ്യങ്ങളെ നീക്കം ചെയ്തു. ബീജിംഗ് മാർക്കറ്റിൽ നിന്നും ശേഖരിച്ച കൊറോണ വൈറസിന്റെ ജനിതക ഘടന പരിശോധിച്ചത് വഴി അത് യൂറോപ്പിൽ വ്യാപിച്ച കൊറോണ വൈറസിന്റെ സ്ട്രെയിനാണെന്ന് കണ്ടെത്തിയതായി ചൈനീസ് ആരോഗ്യ വിദഗ്ദർ പറയുന്നു.
ഇതോടെ ചൈനയിലേക്ക് സാൽമൻ മത്സ്യങ്ങൾ ഇറക്കുമതി ചെയ്തിരുന്ന യൂറോപ്യൻ രാജ്യങ്ങൾ പ്രതിസന്ധിയിലായിരിക്കുകയാണ്. തങ്ങളുടെ ജീവനക്കാരിലെല്ലാം കൊവിഡ് പരിശോധന നടത്തിയതായും എന്നാൽ അവർക്ക് ആർക്കും കൊവിഡ് കണ്ടെത്തിയില്ലെന്നും ചൈനയിലേക്ക് സാൽമൻ മത്സ്യത്തെ ഇറക്കുമതി ചെയ്യുന്ന ഫെറോ ഐലൻഡിലെ ബക്കാഫ്രോസ്റ്റ്, നോർവെയിലെ റോയൽ സാൽമൻ എന്നീ കമ്പനികൾ അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം നോർവീജിയൻ കമ്പനികളും ചൈനീസ് അധികൃതരും തമ്മിൽ ചർച്ച നടത്തിയിരുന്നു. നോർവെയിൽ നിന്നുള്ള സാൽമൻ മത്സ്യമല്ല ബീജിംഗിൽ കൊവിഡിന് കാരണമായതെന്ന നിഗമനത്തിലാണ് ചർച്ച അവസാനിച്ചതെന്നാണ് റിപ്പോർട്ട്.
സാൽമൻ മത്സ്യം വൈറസ് വ്യാപനത്തിന് കാരണമായി എന്നത് സംബന്ധിച്ച് യാതൊരു തെളിവുമില്ലെന്ന് ചൈനീസ് ഡിസീസ് കൺട്രോൾ സെന്ററും പറയുന്നുണ്ട്. യൂറോപ്യൻ സ്ട്രെയിനിനോട് സാമ്യമുണ്ടെങ്കിലും ബീജിംഗിൽ കണ്ടെത്തിയ കൊറോണ വൈറസ് യൂറോപ്പിൽ നിന്നും എത്തിയതാണെന്ന നിഗമനത്തിൽ എത്താനാകില്ലെന്നും ചൈനീസ് ഡിസീസ് കൺട്രോൾ സെന്റിലെ വിദഗ്ദർ പറഞ്ഞു.
ബെയ്ജിംഗിലെ വൈറസ് - കൂടുതൽ അപകടകാരി
ബെയ്ജീംഗിന് പുറത്ത് ഹ്യൂബെയ്, ലിയോനിംഗ്, സിഷുവാൻ, സെജിയാംഗ് എന്നീ പ്രവിശ്യകളിലും സിൻഫാദി മാർക്കറ്റുമായി ബന്ധപ്പെട്ട പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം വൈറസിനെ നിയന്ത്രണാവിധേയമാക്കിയ ഹെയ്‌ലോംഗ്ജിയാംഗ് പ്രവിശ്യയിൽ ബീജിംഗിൽ നിന്നും എത്തുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഏകദേശം 200,000 പേരെങ്കിലും മേയ് 30 മുതൽ സിൻഫാദി മാർക്കറ്റ് സന്ദർശിച്ചിരിക്കാമെന്നാണ് നിഗമനം.
വുഹാനിൽ ആദ്യം കൊവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോൾ മൂന്നാഴ്ച കൊണ്ട് റെക്കോർഡ് ചെയ്തത് 62 രോഗികളെയാണെന്നും അതേ സമയം, നാല് ദിവസത്തിനുള്ളിൽ തന്നെ ബീജിംഗിൽ 100 ലേറെ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചെന്നും ഇത് അത്യന്തം അപകടമായ സമയമാണ് വരാൻ പോകുന്നതെന്നും വുഹാൻ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ യാംഗ് സാൻക്വി പറയുന്നു. ബീജിംഗിൽ കണ്ടെത്തിയിരിക്കുന്ന വൈറസ് സ്ട്രെയിൻ വുഹാനിലേതിനെക്കാൾ അപകടകാരിയാണെന്നാണ് മുന്നറിയിപ്പ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വാണിജ്യ - വ്യാപാര ബന്ധമുള്ള ബീജിംഗ് പോലൊരു നഗരത്തിൽ കൊറോണ വൈറസ് അതിശക്തമായി തിരിച്ചെത്തുന്നത് ലോകത്തെ മുഴുവൻ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.