തിരുവനന്തപുരം: ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൻ നിയമനം യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ചാകണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു. ഹൈക്കോടതി നൽകിയ ലിസ്റ്റിലെ ജഡ്ജിമാർക്ക് പ്രാധാന്യം നൽകണം. നടപടി ക്രമം പാലിച്ചേ നിയമനം നടത്താനാവുകയുള്ളൂ. സംസ്ഥാന ബാലാവകാശ കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്തേക്ക് രണ്ട് ജില്ലാ ജഡ്ജിമാരെ തഴഞ്ഞ് സി.പി.എം നോമിനിയായ കെ.വി.മനോജ് കുമാറിനെ നിയമിക്കാനാണ് സർക്കാർ നീക്കം.
മൂന്ന് വർഷം ചീഫ് സെക്രട്ടറി റാങ്കിൽ ശമ്പളം ലഭിക്കുന്ന അർദ്ധജുഡീഷ്യൽ അധികാരങ്ങളുള്ള സുപ്രധാന പദവിയാണിത്. കുട്ടികളുടെ അവകാശങ്ങളെപറ്റിയുള്ള അറിവും, പ്രവർത്തനമികവുമാണ് പ്രധാന യോഗ്യത.എന്നാൽ അഭിഭാഷകനും സ്കൂൾ പി.ടി.എ അംഗവുമായ കെ.വി. മനോജ് കുമാറിനെയാണ് മേയ് 25, 26 തീയതികളിൽ നടന്ന അഭിമുഖത്തിലൂടെ തിരഞ്ഞെടുത്തത്.