pic

തിരുവനന്തപുരം: കൂറുമാറ്റ നിരോധന നിയമ പ്രകാരം മലപ്പുറം ജില്ലയിലെ അമരമ്പലം ഗ്രാമപഞ്ചായത്ത് അംഗം ടി.പി.ഹംസയെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി . ഭാസ്കരൻ അയോഗ്യനാക്കി. നിലവിൽ ഗ്രാമപഞ്ചായത്ത് അംഗമായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനും 2020 ജൂൺ 16 മുതൽ ആറ് വർഷത്തേയ്ക്കാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.


അമരമ്പലം ഗ്രാമ പഞ്ചായത്തിലേയ്ക്ക് 2015 നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയുടെ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 2018 ആഗസ്റ്റ് 25ന് പഞ്ചായത്ത് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസപ്രമേയ വോട്ടെടുപ്പിൽ പങ്കെടുക്കുകയും അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യുകയും ചെയ്തു.

എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്നും വിട്ടുനിൽക്കുന്നതിന് കോൺഗ്രസ് പാർട്ടി പഞ്ചായത്ത് അംഗത്തിന് വിപ്പ് നൽകിയിരുന്നു. എന്നാൽ, പഞ്ചായത്ത് അംഗം വോട്ടു ചെയ്തതുമൂലം കോൺഗ്രസ് പാർട്ടിക്കാരിയായ പഞ്ചായത്ത് പ്രസിഡന്റിന് എതിരെയുള്ള അവിശ്വാസപ്രമേയം പാസ്സാകുകയും അവർക്ക് സ്ഥാനം നഷ്ടപ്പെടുകയും ചെയ്തു. തുടർന്ന് 2018 ഒക്ടോബറിൽ നടന്ന അമരമ്പലം പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി നൽകിയ വിപ്പ് ലംഘിച്ച് പഞ്ചായത്ത് അംഗം വോട്ടെടുപ്പിൽ നിന്നും വിട്ടുനിൽക്കുകയും തന്മൂലം എൽ.ഡി.എഫ്. നിർദ്ദേശിച്ചയാൾ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെടുകയുമുണ്ടായി.

പഞ്ചായത്ത് അംഗത്തിന്റെ ഈ രണ്ടു നടപടികളും കൂറുമാറ്റമായി കണ്ടാണ് കമ്മിഷന്റെ ഉത്തരവ്. കോൺഗ്രസ് പഞ്ചായത്ത് അംഗം കെ. സുരേഷ് കുമാറായിരുന്നു പരാതിക്കാരൻ.