കുറ്റിച്ചൽ:നെടുങ്ങാട്-ഷൊർലക്കോട് റോഡിൽ കുറ്റിച്ചലിൽ പേങ്ങാട് കലുങ്ങിന് സമീപത്തെ വളവിൽ റോഡിലേയ്യ് ചാഞ്ഞുനിൽക്കുന്ന പുളിമരം അപകടഭീതി സൃഷ്ടിക്കുന്നു. പേങ്ങാട് കലുങ്കിന് സമീപത്തെ വളവിൽ പുറംപോക്കിലാണ് പുളിമരം നിൽക്കുന്നത്. സംസ്ഥാന പാതയായ ഈ റോഡിൽ തമിഴ്നാട്ടിൽ നിന്നും ഉൾപ്പെടെ ആയിരക്കണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. മാത്രവുമല്ല റോഡിന്റം മുകളിലൂടെ 11 കെ.വി ഹെവി ഇലക്ട്രിക് ലൈനും കടന്ന് പോകുന്നുണ്ട്. ഈ മരത്തിന്റെ ശിഖരങ്ങൾ പ്രധാന റോഡിലേക്ക് ചാഞ്ഞ് വളർന്ന് നിൽക്കുന്നതു കാരണം വലിയ വാഹനങ്ങൾ വരുമ്പോൾ എതിരെ വരുന്ന വാഹനങ്ങളെ കാണാൻ കഴിയില്ല. പലപ്പോഴും കെ.എസ്.ആർ.ടി.സി ബസ് ഉൾപ്പെടെ കടന്നുപോകുമ്പോൾ വാഹനത്തിന്റെ മുകൾ ഭാഗത്ത് മരചില്ല അടിച്ച് യാത്രാക്കാർക്ക് പോലും അപകടം പറ്റാറുണ്ട്. മഴക്കാലത്ത് കാറ്റ് ശക്തമായാൽ മരം റോഡിലേക്ക് വീഴാൻ സാദ്ധ്യതയുണ്ട്. മഴക്കാലത്തിന് മുൻപ് വൈദ്യുത ബോർഡ് ലൈനുകളിൽ തട്ടിനിൽക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റുന്നത് പതിവാണ്. എന്നാൽ ഈ റോഡിലെ മരങ്ങൾ മുറിച്ചുമാറ്റാൻ ഇതേവരെ അധികൃതർ തയ്യാറാകുന്നില്ല.അടിയന്തിരമായി മരം മുറിച്ചുമാറ്റാനും റോ‌ഡിൽ കുഴിയടയ്ക്കാനും നടപടി വേണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.