പ്രവാസികൾക്ക് സർട്ടിഫിക്കറ്റ് : ആശങ്കയകറ്റണം
തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് കെ.എസ്.ഇ.ബി ഭീമമായ ബിൽ നൽകി ഉപഭോക്താക്കളെ പിടിച്ചുപറിക്കുന്നതിനെ അതിരൂക്ഷമായി വിമർശിച്ച സി.പി.ഐ, മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ടു.
ഉപയോഗിക്കാത്ത വൈദ്യുതിക്ക് ബിൽ നൽകിയത് എന്ത് ന്യായം പറഞ്ഞാലും അംഗീകരിക്കാനാവില്ലെന്ന് സി.പി.ഐ എക്സിക്യൂട്ടീവ് പാസ്സാക്കിയ പ്രമേയത്തിൽ വ്യക്തമാക്കി. സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലുയർന്ന ചർച്ചയുടെ അടിസ്ഥാനത്തിലായിരുന്നു പ്രമേയം. വൈദ്യുതിബില്ലിനെക്കുറിച്ച് വ്യാപകമായ പരാതിയുയർന്ന സാഹചര്യത്തിൽ അന്വേഷിക്കാനും തെറ്റു തിരുത്താനും സർക്കാർ ഇടപെടണം.
നാല് മാസം ഉപയോഗിച്ച വൈദ്യുതിയുടെ യൂണിറ്റ് കണക്കാക്കി ശരാശരിയെടുത്ത് ബിൽ നൽകിയെന്ന കെ.എസ്.ഇ.ബിയുടെ വിശദീകരണത്തിൽ ഉപഭോക്താക്കൾ തൃപ്തരല്ല. യു.ഡി.എഫും ബി.ജെ.പിയും ഇത് ആയുധമാക്കി സമരരംഗത്താണെന്നും എക്സിക്യൂട്ടീവ് ചൂണ്ടിക്കാട്ടി.
വേണ്ടത്ര ഗൃഹപാഠം ചെയ്യാതെയാണ് കെ.എസ്.ഇ.ബി നടപടിയെടുത്തതെന്നാണ് പ്രധാനവിമർശനം. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത് വ്യാപകമായി പ്രതിപക്ഷം ഉപയോഗിക്കും. കൊവിഡ് കാലത്ത് ആളുകൾ പ്രതിസന്ധി നേരിടുമ്പോഴാണ് കെ.എസ്.ഇ.ബിയുടെ നടപടി. ഇത് വീടുകളെ നേരിട്ട് ബാധിക്കുന്ന വിഷയമായതിനാൽ തിരഞ്ഞെടുപ്പിൽ ബാധിക്കും. സർക്കാർ ഇടപെട്ട് അടിയന്തരമായി പരിഹരിച്ചേ മതിയാകൂ.
ഗൾഫിൽ നിന്ന് മടങ്ങുന്ന പ്രവാസികൾക്ക് കൊവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള തീരുമാനത്തിനെതിരെയും വിമർശനമുയർന്നു. ഇത് മനുഷ്യാവകാശം സംബന്ധിച്ച യു.എൻ ചാർട്ടിന് വിരുദ്ധമാണ്. വന്ദേഭാരത് മിഷന് ബാധകമല്ലാത്ത വ്യവസ്ഥ ഒരു വിഭാഗത്തിന് മാത്രമാകുന്നത് വിവേചനമാകും. ഗൾഫിൽ തൊഴിൽനഷ്ടവും രോഗബാധയും മരണവും കൂടുന്നു. കേരളത്തിലെ ഒരു വീട്ടിൽ ഒരു പ്രവാസിയെന്ന അവസ്ഥയുള്ള സ്ഥിതിക്ക് ജനങ്ങളുടെ ആശങ്ക പരിഹരിക്കാനുള്ള ഇടപെടൽ സർക്കാരിൽ നിന്നുണ്ടാകണം.
എന്നാൽ, കൊവിഡ് നിയന്ത്രണത്തിൽ വിജയിച്ച സംസ്ഥാനത്ത് എല്ലാ നിയന്ത്രണവുമില്ലാതാകുന്നത് സ്ഥിതിയെ അവതാളത്തിലാക്കുമെന്ന് സെക്രട്ടറി കാനം രാജേന്ദ്രൻ മറുപടിയിൽ വിശദീകരിച്ചു. സംസ്ഥാന സർക്കാരിന് പരിമിതിയുണ്ട്. എവിടെയെങ്കിലും നിയന്ത്രണമുണ്ടായില്ലെങ്കിൽ കാര്യങ്ങൾ പിടിവിട്ടുപോകും. ഇക്കാര്യത്തിൽ കേന്ദ്രത്തിന് കേരളത്തെ സഹായിക്കാനാകും. അതിനുള്ള ഇടപെടലുണ്ടാകണം. ഹൈക്കോടതിയിലുള്ള കേസിൽ വിധി വന്നിട്ട് കൂടുതൽ ചർച്ചയാകാമെന്ന് പറഞ്ഞ് വിഷയം സെക്രട്ടറി അവസാനിപ്പിച്ചു.