തിരുവനന്തപുരം: പൊലീസ് കോൺസ്റ്റബിൾ ട്രെയിനി തസ്തികയിൽ 1400 ഒഴിവുകൾ നികത്താനാവശ്യമായ നടപടിയെടുക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കേരള ആംഡ് പൊലീസ് ബറ്റാലിയനിലെ 1,200 താത്കാലിക പൊലീസ് കോൺസ്റ്റബിൾ ട്രെയിനി തസ്തികകൾക്കും 200 താത്കാലിക വനിതാ പൊലീസ് കോൺസ്റ്റബിൾ ട്രെയിനി തസ്തികകൾക്കുമാണ് തുടർച്ചാനുമതി നൽകുന്നത്.
പൊലീസ് കോൺസ്റ്റബിൾ തസ്തികയിലെ നിയമനപ്രക്രിയ പൂർത്തിയാക്കുന്നതിന് പരിശീലന കാലാവധി അടക്കം ഒരു വർഷം വേണ്ടിവരും. അതിനാൽ അടുത്ത ഒരു വർഷത്തേക്ക് വരാവുന്ന ഒഴിവുകൾ കണക്കാക്കിയാണ് പി.എസ്.സിക്ക് എല്ലാ വർഷവും റിപ്പോർട്ട് ചെയ്തു വരുന്നത്. ഇതിലേക്കായി റാങ്ക് ലിസ്റ്റ് കാലയളവിൽ സർക്കാർ 1200 താത്കാലിക ട്രെയിനി പൊലീസ് കോൺസ്റ്റബിൾ തസ്തികകൾ അനുവദിച്ചു നൽകാറുണ്ട്. ഇതോടൊപ്പം വനിതാ പൊലീസ് തസ്തികയിലേക്ക് 200 ഒഴിവുകളും അനുവദിച്ചു.
ഒഴിവ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുളള മുഴുവൻ തസ്തികകളിലേക്കും നിലവിലെ റാങ്ക് പട്ടികയിൽ നിന്നുതന്നെ നിയമനം നടക്കും.
സർക്കിൾ ഇൻസ്പെക്ടർ ഇനി
ഇൻസ്പെക്ടർ ഒഫ് പൊലീസ്
സംസ്ഥാന പൊലീസ് സേനയിലെ ജനറൽ എക്സിക്യൂട്ടീവ് വിഭാഗത്തിലെ സർക്കിൾ ഇൻസ്പെക്ടർ തസ്തികയെ 'ഇൻസ്പെക്ടർ ഒഫ് പൊലീസെന്ന് പുനർനാമകരണം ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
സുരേന്ദ്രന്റെ
കുടുംബത്തിന് 5 ലക്ഷം
കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മിന്നൽ പണിമുടക്കിനിടെ, കിഴക്കേക്കോട്ട ബസ് സ്റ്റാൻഡ് പരിസരത്ത് ഹൃദയാഘാതം മൂലം മരിച്ച സുരേന്ദ്രന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 5 ലക്ഷം രൂപ ധനസഹായം അനുവദിച്ചു. ഗുരുതരമായ സന്ധിരോഗം ബാധിച്ച് ചികിത്സയിലുള്ള മലപ്പുറം ഏറനാട് സ്വദേശി ഷാഹിന്റെ തുടർചികിത്സയ്ക്ക് രണ്ട് വർഷത്തേക്ക് ആവശ്യമായ7,54,992 രൂപ അനുവദിച്ചു.
വഖഫ് ബോർഡ് നിയമനങ്ങൾ
പി.എസ്.സിക്ക്
സംസ്ഥാന വഖഫ് ബോർഡ് നിയമനങ്ങൾ പബ്ലിക് സർവ്വീസ് കമ്മിഷന് വിടുന്നതിനുള്ള ബിൽ ഓർഡിനൻസായി പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യും.കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ സ്ഥിരപ്പെടുത്തിയ 24 ജീവനക്കാർക്ക് പത്താം ശമ്പളപരിഷ്കരണ ആനുകൂല്യങ്ങൾ അനുവദിക്കും.