തിരുവനന്തപുരം: ജയിലുകളിൽ സസ്യേതര ഭക്ഷണം ഒഴിവാക്കി ഭക്ഷണച്ചെലവ് കുറയ്ക്കണമെന്നും സസ്യേതര ഭക്ഷണം വേണ്ട തടവുകാരോട് അതിന് പ്രത്യേകം പണം ഈടാക്കണമെന്നും സർക്കാർ ചെലവ് കുറയ്ക്കാനുള്ള വിദഗ്ദ്ധ സമിതി നിർദ്ദേശിച്ചു. പോഷകാംശങ്ങളടങ്ങിയ സസ്യഭക്ഷണം നൽകണമെന്നും ജയിലിലെ തടവുകാർക്ക് നൽകുന്ന കൂലി കുറയ്ക്കണമെന്നും സമിതിയുടെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.
മറ്ര് പ്രധാന നിർദ്ദേശങ്ങൾ
ഇ-ഓഫീസ് നടപ്പിലാക്കുകവഴി അധികം വരുന്ന ജീവനക്കാരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മാറ്രണം.
സെക്രട്ടേറിയറ്രിൽ അറ്റൻഡർ(554), കമ്പ്യൂട്ടർ അസിസ്റ്രന്റ്( 204), പ്രിന്റിംഗ് വകുപ്പ് ( 90), കെ.പി.ബി.എസ്(113), സ്റ്രേഷണറി ഡിപ്പാർട്ട്മെന്റ് (52) എന്നിങ്ങനെയാണ് തസ്തികകൾ ആവശ്യമില്ലാതെ വരിക. മറ്റുവകുപ്പുകളിലും ഇതേപോലെ അധിക തസ്തികകൾ വരും. അവരെയും മാറ്റി നിയോഗിക്കണം.
ക്ഷേമനിധി ബോർഡുകളെ ലയിപ്പിച്ച് സംസ്ഥാന ജനറൽ വെൽഫെയർ ഫണ്ട് ബോർഡ് രൂപീകരിക്കുക. നിലവിലുള്ള ബോർഡുകളുടെ പ്രതിനിധികളെ പുതിയ ബോർഡിൽ അംഗങ്ങളാക്കുക. സമാന സ്വഭാവമുള്ള പൊതുമേഖലാ സ്ഥാപനങ്ങളെയും കോർപറേഷനുകളെയും ലയിപ്പിക്കുക.
കമ്മിഷൻ ഒഫ് എൻക്വയറി ആക്ട് പ്രകാരം പ്രവർത്തിക്കുന്ന നോൺ സ്റ്രാറ്റ്യൂട്ടറി കമ്മിഷനുകൾക്ക് കാലാവധി നീട്ടി നൽകാതിരിക്കുക. കമ്മിഷനുകൾ പ്രവർത്തനത്തിന്റെ നാൾവഴിയും ചെലവും വെബ് സൈറ്രിൽ പ്രസിദ്ധീകരിക്കുക. ആറുമാസം ചെലവാക്കിയ തുകയ്ക്ക് സമാനമായ തുക ഡെപ്പോസിറ്രില്ലെങ്കിൽ കമ്മിഷനുകൾക്ക് ആറുമാസത്തിലധികം കാലാവധി നൽകരുത്.
പൊലീസ്, എക്സൈസ്, റവന്യൂ, ഫോറസ്റ്ര്, ഫയർ ഫോഴ്സ് തുടങ്ങിയ എൻഫോഴ്സ്‌മെന്റ് വകുപ്പുകൾക്കൊഴികെ പുതിയ വാഹനങ്ങൾ അനുവദിക്കരുത്. മറ്ര് വകുപ്പുകൾ വാഹനങ്ങൾ വാടകയ്ക്കെടുക്കണം. പരമാവധി ഇലക്ട്രിക് വാഹനങ്ങൾ പരിഗണിക്കുക.
പുതിയ തസ്തിക സൃഷ്ടിക്കൽ, തസ്തികകൾ ഉയർത്തൽ, പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ, ഫർണിച്ചറുകൾ വാങ്ങൽ തുടങ്ങിയവ ഒരു വർഷത്തേക്ക് നിറുത്തിവയ്ക്കുക.
പദ്ധതി, പദ്ധതിയേതര ചെലവുകളിൽ നിന്ന് ശില്പശാലകൾ, വിദേശയാത്രകൾ, ബ്രോഷർ പ്രിന്റിംഗ്, പുതിയ ഡിവിഷനുകൾ ആരംഭിക്കൽ എന്നിവ ചെയ്യരുത്.
സ്കൂളുകളിലെ തസ്തികകൾ നിർണയിക്കുമ്പോൾ മൂന്നു വർഷം താത്കാലിക തസ്തിക പൂർത്തിയാക്കിവയെ മാത്രം സ്ഥിരം തസ്തികയാക്കുക.