തിരുവനന്തപുരം: ഓൺലൈൻ ക്ലാസുകളിലെ പോരായ്‌മകളിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിലേക്ക് കെ.എസ്.യു ഇന്നലെ നടത്തിയ മാർച്ചിൽ സംഘർഷം. സംസ്ഥാന ഭാരവാഹികളായ റംഷാദ് .പി, ബാഹുൽകൃഷ്‌ണ, ജില്ലാ പ്രസിഡന്റ് സൈദാലി കായ്പ്പാടി,​ ഭാരവാഹികളായ ശരത്ത് ശൈലേശ്വരൻ, കൃഷ്ണകാന്ത്, അജിൻ എന്നിവർക്ക് പരിക്കേറ്റു. അക്രമാസക്തരായ പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ആദ്യം ജലപീരങ്കിയും പിന്നീട് കണ്ണീർവാതകവും പ്രയോഗിച്ചു. പൊലീസുമായി പിടിവലിയും ഉന്തുംതള്ളും നടത്തിയ പ്രവർത്തകർ കൂടുതൽ പൊലീസ് എത്തിയതോടെ പിരിഞ്ഞുപോയി. രാവിലെ 10ഓടെ ഏതാനും പ്രവർത്തകർ സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിന്റെ നേതൃത്വത്തിൽ എം.എൽ.എ ഹോസ്റ്റൽ പരിസരത്തുനിന്നാണ് പ്രകടനവുമായി സെക്രട്ടേറിയറ്റിന് മുന്നിലെത്തിയത്. ഇവരെ നോർത്ത് ഗേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞു. ഇതിനിടെ മറ്റ് ചില കേന്ദ്രങ്ങളിൽ നിന്നും പ്രവർത്തകർ പ്രകടനവുമായി അവിടെയെത്തി. ഇവർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത് പൊലീസ് ബലമായി തടഞ്ഞു. ഇതോടെയാണ് മാർച്ച് സംഘർഷത്തിലെത്തിയത്. നേരത്തെ സെക്രട്ടേറിയറ്റ് മാർച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്‌തു. ഓൺലൈൻ ക്ളാസ് ലഭ്യമാകാത്തതിനെ തുടർന്ന് മലപ്പുറത്ത് ആത്മഹത്യ ചെയ്‌ത ദേവികയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം സ‌ർക്കാർ നൽകണമെന്നും കോളേജുകളുടെ പ്രവർത്തന സമയം മാറ്റിയതിലെ വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ജയ്സൺ ജോസഫ്, ജ്യോതികുമാർ ചാമക്കാല, എൻ.എസ്.യു.ഐ സെക്രട്ടറി എറിക് സ്റ്റീഫൻ, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അബ്ദുൾ റഷീദ്, ജഷീർ പള്ളിവയൽ, റിങ്കു.പി, സംസ്ഥാന ഭാരവാഹികളായ,സുബിൻ മാത്യു, ജോബി.സി.ജോയ്, സുഹൈൽ അൻസാരി, നബീൽ കല്ലമ്പലം, ആദർശ് ഭാർഗവൻ, മാത്യു കെ. ജോൺ, അരുൺ, യദു കൃഷ്ണൻ, അൻസർ മുഹമ്മദ്, അലോഷ്യസ് സേവിയർ, വിഷ്‌ണു വിജയൻ, ഹാരിസ് മുതൂർ തുടങ്ങിയവർ പങ്കെടുത്തു.