asha-kishor

തിരുവനന്തപുരം: ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്‌ ഒഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയുടെ ഡയറക്ടർ പ്രൊഫ. ആശാ കിഷോറിന്റെ കാലാവധി 2025 ഫെബ്രുവരിവരെ ദീർഘിപ്പിച്ചു. കാലാവധി ജൂലായ് 17ന് അവസാനിക്കാനിരിക്കെയാണ് ഇൻസ്റ്റിറ്റ്യൂട്ട് ജനറൽ ബോഡി തീരുമാനമുണ്ടായത്. ഡയറക്ടർ എന്ന നിലയിൽ ആശാ കിഷോർ നടത്തിയ മികച്ച പ്രവർത്തനം, ഇൻസ്റ്റിറ്റ്യൂട്ട് കൈവരിച്ച പുരോഗതി, നിയമന ചട്ടങ്ങൾ, നടപടിക്രമങ്ങൾ മുതലായവ പരിഗണിച്ചാണിത്.
ബയോമെഡിക്കൽ ടെക്‌നോളജി വിഭാഗത്തിലെ ടെക്നിക്കൽ റിസർച്ച് സെന്ററിന് കീഴിൽ വൈദ്യശാസ്ത്ര ഉപകരണങ്ങളും ഉത്പന്നങ്ങളും വികസിപ്പിക്കുന്നതിന് 37 പുതിയ ഗവേഷണ പദ്ധതികൾ ആരംഭിച്ചു. മൂന്ന് വർഷത്തിനിടെ 18 പുതിയ വൈദ്യശാസ്ത്ര ഉപകരണ സാങ്കേതികവിദ്യകളാണ് വികസിപ്പിച്ചെടുത്തത്. ഇതിൽ ഒരെണ്ണം വിപിണിയിലെത്തിച്ചു. അഞ്ച് സാങ്കേതികവിദ്യകൾ കൂടി കമ്പനികൾക്ക് കൈമാറിയിട്ടുണ്ട്. ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിന്റെ പങ്കാളിത്തത്തോടെ ഡീപ് ബ്രെയിൻ സിമുലേറ്റർ വികസിപ്പിച്ചെടുക്കുന്നതിന്‌ ആശാ കിഷോറിന്റെ നേതൃത്വത്തിൽ നടക്കുന്ന ഗവേഷണവും പുരോഗമിക്കുകയാണ്.
അഞ്ച് വർഷത്തിനിടെ ഇന്ത്യൻ പേറ്റന്റിനായി 84 ഉം വിദേശ പേറ്റന്റിനായി 8 ഉം അപേക്ഷകൾ സമർപ്പിച്ചു. 24 ഡിസൈനുകളും രജിസ്റ്റർ ചെയ്തു. ഇക്കാലയളവിൽ 12 ഇന്ത്യൻ പേറ്റന്റുകളും രണ്ട് യു.എസ് പേറ്റന്റുകളും ശ്രീചിത്രയ്ക്ക് ലഭിച്ചു.