d

ആലുവ: യു.സി കോളേജിന് സമീപം ബൈക്ക് യാത്രികനെ പിന്തുടർന്നെത്തി വധിക്കാൻ ശ്രമിച്ച കേസിൽ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി ആലങ്ങാട് സ്റ്റേഷൻ ഇൻസ്പെക്ടർ കെ. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. സമീപത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.

കുട്ടമശേരി ചാലക്കൽ കൊല്ലംകുടി വീട്ടിൽ രജിത്തിനെ (36) ചൊവ്വാഴ്ച രാവിലെയാണ് രണ്ട് ബൈക്കിലും ഒരു സ്കൂട്ടറിലുമായി എത്തിയ എട്ടംഗസംഘം ആക്രമിച്ചത്. വഴിയാത്രക്കാർ ഓടിയെത്തിയപ്പോഴേക്കും അക്രമികൾ ആലുവ ഭാഗത്തേക്ക് മടങ്ങി. ഈ പരിസരത്തെ ഒരു ഫ്ളാറ്റുകാർ സ്ഥാപിച്ചിട്ടുള്ള കാമറയിൽ നിന്നാണ് പൊലീസ് ദൃശ്യങ്ങൾ ശേഖരിച്ചത്.

അടുത്തിടെ കുട്ടമശേരി ചാലക്കലിൽ നടന്ന മതംമാറ്റ വിഷയത്തിൽ രജിത്തും പിതാവ് കെ.വി. രാജനും ഇടപെട്ടിരുന്നു. മതംമാറ്റ ഭീഷണി നേരിട്ട യുവതിക്കും കുടുംബത്തിനും പിന്തുണ നൽകിയിരുന്നു. ഗൾഫിൽ വച്ച് മതംമാറിയ യുവാവ് മൂന്നാഴ്ച മുമ്പ് വീണ്ടും വന്നപ്പോൾ കൂടെയുണ്ടായിരുന്നവരെ ഭാര്യയും കുടുംബവും വീട്ടിലേക്ക് പ്രവേശിപ്പിച്ചില്ല. ഇറങ്ങിപ്പോകാൻ കൂട്ടാക്കാതെ നിന്നവരെ രജിത്തുംകൂടി ചേർന്നാണ് ഇറക്കിവിട്ടത്. ഇതിന്റെ വൈരാഗ്യം ആക്രമണത്തിന് പിന്നിലുണ്ടെന്നാണ് രജിത്ത് നൽകിയിട്ടുള്ള മൊഴി. രജിത്ത് ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്.

# അന്വേഷണത്തിന് പ്രത്യേകസംഘം

കേസ് അന്വേഷണത്തിന് ആലുവ ഡിവൈ.എസ്.പി ജി. വേണുവിന്റെ നേതൃത്വത്തിൽ 15 അംഗ സംഘത്തെ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ചുമതലപ്പെടുത്തി. ആലുവ, ആലങ്ങാട്, നെടുമ്പാശേരി, ചെങ്ങമനാട് സ്റ്റേഷൻ ഇൻസ്പെക്ടർമാരും എസ്.പിയുടെ സ്ക്വാഡിലെ അംഗങ്ങളും അന്വേഷണസംഘത്തിലുണ്ട്. ചാലക്കലിലെ മതംമാറ്റ വിഷയവുമായി ആക്രമണത്തിന് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്ന് എസ്.പി പറഞ്ഞു.

സമഗ്ര അന്വേഷണം വേണം:

ആലുവ യൂണിയൻ

എസ്.എൻ.ഡി.പി യോഗം ചാലക്കൽ ശാഖാംഗം കെ.ആർ. രജിത്തിന് നേരെയുണ്ടായ വധശ്രമക്കേസിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്ന് എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, സെക്രട്ടറി എ.എൻ. രാമചന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു. ക്രിമിനൽ കേസിൽ ഉൾപ്പെട്ടിട്ടില്ലാത്ത രജിത്ത് അടുത്തിടെ ചാലക്കലിൽ ഉണ്ടായ മതംമാറ്റ വിഷയത്തിൽ യുവതിക്കും കുടുംബത്തിനും സഹായം നൽകിയിരുന്നു.ഈ വിഷയംകൂടി അന്വേഷണപരിധിയിൽ ഉൾപ്പെടുത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.