തിരുവനന്തപുരം:സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഈ വർഷം നടത്തുന്ന തിരഞ്ഞെടുപ്പിനുളള അന്തിമ വോർട്ടർപട്ടിക ഇന്നലെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ പ്രസിദ്ധീകരിച്ചു. തിരഞ്ഞെടുപ്പിനു മുമ്പ് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ രണ്ട് അവസരങ്ങൾ കൂടി നൽകും.
941 ഗ്രാമ പഞ്ചായത്തുകളിലും 86 മുനിസിപ്പാലിറ്റികളിലും 6 മുനിസിപ്പൽ കോർപറേഷനുകളിലുമായി ആകെ 2,62,24,501 വോട്ടർമാരാണുള്ളത്- 1,25,40,302 പുരുഷൻമാർ, 1,36,84,019 സ്ത്രീകൾ, 180 ട്രാൻസ്‌ജെൻഡർമാർ
പുതുതായി 6,78,147 പുരുഷന്മാർ, 8,01,328 സ്ത്രീകൾ 66 ട്രാൻസ്‌ജെൻഡർമാർ എന്നിങ്ങനെ 14,79,541 വോട്ടർമാരെ ഉൾപ്പെടുത്തി. മരണപ്പെട്ടവർ, സ്ഥിരതാമസമില്ലാത്തവർ തുടങ്ങി 4,34,317 പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കി. ജനുവരി 20നാണ് കരട് പ്രസിദ്ധപ്പെടുത്തിയത്. അതിൽ 51,58,230 വോട്ടർമാരുണ്ടായിരുന്നു. മാർച്ച് 16 വരെ ലഭിച്ച അപേക്ഷകൾ പരിഗണിച്ച് പുതിയ വോട്ടർമാരെ ചേർത്തു.
വോട്ടെടുപ്പ് 7 മുതൽ വൈകിട്ട്
6 വരെയാക്കാൻ ശുപാർശ
കൊവിഡ് പശ്ചാത്തലത്തിൽ, പോളിംഗ് സമയം രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെ 11 മണിക്കൂറാക്കണമെന്ന ശുപാർശ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്കരൻ സർക്കാരിന് സമർപ്പിച്ചു. നിലവിൽ രാവിലെ 7 മുതൽ വൈകിട്ട് അഞ്ച് വരെ 10 മണിക്കൂറാണിത്. സമയം നീട്ടാൻ പഞ്ചായത്തിരാജ് -മുനിസിപ്പാലിറ്റി നിയമത്തിൽ ഭേദഗതി വരുത്തണം. കൊവിഡ് ഭീഷണി ജൂലായ് കഴിഞ്ഞും തുടർന്നാൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നത് ആലോചിക്കും.
ഒക്ടോബർ അവസാനം രണ്ട് ഘട്ടമായി തിരഞ്ഞെടുപ്പ് നടത്താനാണ് കമ്മിഷന്റെ പദ്ധതി. നവംബർ 12ന് മുമ്പ് പുതിയ ഭരണസമിതികൾ നിലവിൽ വരണം. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടിവന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണവും അത്തരത്തിലാവും. രാഷ്ട്രീയ പാർട്ടികൾ വെർച്വൽ പ്രചാരണം സംഘടിപ്പിക്കേണ്ടിവരുമെന്നും കമ്മിഷൻ വ്യക്തമാക്കി.