പ്രായമെന്നത് വെറും നമ്പരാണെന്ന് ചിലരെക്കുറിച്ച് പറയാറുണ്ട്. ഇന്ത്യൻ കായിക രംഗത്ത് ആ വിശേഷണത്തിന് ഏറ്റവും അനുയോജ്യൻ ലിയാൻഡർ പെയ്സാണ്. ഇക്കഴിഞ്ഞ ജൂൺ 17ന് ലിയാൻഡറിന് വയസ് 47 തികഞ്ഞു. പക്ഷേ ഈ പ്രായത്തിലും കളിക്കളത്തിൽ നിറഞ്ഞു നിൽക്കുകയാണ് പെയ്സ്. ഒരു പക്ഷേ ലോക്ക് ഡൗൺ വന്നില്ലായിരുന്നുവെങ്കിൽ ഈ സമയം ഫ്രഞ്ച് ഓപ്പണിലും വിംബിൾഡണിലുമൊക്കെ പെയ്സിന്റെ റാക്കറ്റിൽ നിന്ന് എയ്സുകൾ മൂളിപ്പറന്നേനെ.
29 വർഷങ്ങൾ... അതേ, ഇന്ത്യൻ ടെന്നിസിന്റെ വിഹായസിൽ ധ്രുവനക്ഷത്രത്തിന്റെ ദീപ്തിയോടെ ലിയാൻഡർ പെയ്സ് ഉദിച്ചുയർന്നിട്ട് മൂന്നു പതിറ്റാണ്ടിലേക്ക് അടുക്കുന്നു . ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് സ്വർണം നേടിക്കൊടുത്ത വീസ് പെയ്സിന്റെ പ്രിയപുത്രൻ അച്ഛന്റെ പാത പിന്തുടർന്ന് ഹോക്കി സ്റ്റിക്ക് കൈയിലേന്തിയില്ലായിരിക്കാം. എന്നാൽ കുട്ടിക്കാം മുതലേ കായിക രംഗത്തുതന്നെ സജീവമായിരുന്നു. മീശ മുളയ്ക്കും മുന്നേ കൈയിലേന്തിയ റാക്കറ്റ് ഇനിയും താഴെ വച്ചിട്ടുമില്ല.
കഴിഞ്ഞുപോയ കാലത്തിനിടെ ഇന്ത്യൻ ടെന്നിസിൽ മാത്രമല്ല, ലോക ടെന്നിസിലും സ്വന്തമായൊരു സിംഹാസനം സൃഷ്ടിക്കുകയായിരുന്നു ലിയാൻഡർ. ലോക റെക്കാഡുകൾ പലതും പെയ്സിന്റെ വഴിയേ വന്നു. നീണ്ടനാൾ കൂട്ടുകാരനായി മഹേഷ് ഭൂപതി ഉണ്ടായിരുന്നതും പിന്നീട് തമ്മിൽ പലതവണ പിണങ്ങിപ്പിരിഞ്ഞതും ഒരുമിച്ചതുമൊക്കെ ചരിത്രം. പ്രൊഫഷണൽ സർക്യൂട്ടിനൊപ്പം രാജ്യത്തിനായി ഒളിമ്പിക്സിലും ഏഷ്യൻ ഗെയിംസിലും ഡേവിസ് കപ്പിലുമൊക്കെ കുപ്പായമണിയാനും പെയ്സ് ഇടം കണ്ടെത്തി. ഇന്ത്യയെ ഏറ്റവും കൂടുതൽ തവണ ഒളിമ്പിക്സിൽ പ്രതിനിധാനം ചെയ്തതിന്റെ റെക്കാഡ് ഇപ്പോഴും ലിയാൻഡർ പെയ്സിന്റെ പേരിലാണ്. ഏറ്റവും കൂടുതൽ ഡേവിസ് കപ്പ് മത്സരങ്ങൾ കളിച്ച റെക്കാഡും ഈ 47 കാരന്റെ പേരിലാണ്.
1991 ലാണ് ലിയാൻഡർ പ്രൊഫഷണൽ ടെന്നിസ് സർക്യൂട്ടിലേക്ക് ചുവടുവയ്ക്കുന്നത്. ഏതൊരു കായികതാരവും 30കൾ പിന്നിടുമ്പോൾ തന്നെ വിരമിക്കാറായില്ലേ എന്ന ചോദ്യം നാലുപാടുനിന്നും ഉയരുന്നനാടാണിത്. എന്നാൽ ഇക്കാലയളവിലൊന്നും പെയ്സ് എന്തുകൊണ്ട് വിരമിക്കുന്നില്ല എന്ന ചോദ്യം ആരുമുയർത്തിയില്ല. അതിന് പെയ്സ് വഴിയൊരുക്കിയില്ല എന്നതാണ് ശരി. ഒാരോ സീസണിലും സ്വയം നവീകരിച്ച് മുമ്പത്തേക്കാൾ മികച്ച ഫിറ്റ്നസോടെ പെയ്സ് കളിക്കുമ്പോൾ ഇപ്പോഴൊന്നും വിരമിക്കല്ലേ എന്നേ ആരാധകർക്ക് പ്രാർത്ഥിക്കാൻ കഴിയൂ.
എങ്കിലും ഈ വർഷമാദ്യം പെയ്സ് ഒരു തീരുമാനം എടുത്തിരുന്നു. 2020 ൽ ടെന്നിസ് കോർട്ടിനോട് വിട ചൊല്ലുക. രണ്ടു കാരണങ്ങളാണ് അതിന് പെയ്സിനെ പ്രേരിപ്പിച്ചത്. ഒന്ന് ഇതൊരു ഒളിമ്പിക് വർഷമാണ്. തന്റെ എട്ടാം ഒളിമ്പിക്സിൽ രാജ്യത്തെ പ്രതിനിധീകരിച്ച് പടിയിറങ്ങാൻ അവസരം ലഭിക്കും. രണ്ട് അന്താരാഷ്ട്ര കരിയറിൽ 100 ഗ്രാൻസ്ളാം മത്സരങ്ങൾ കളിച്ച് വിരമിക്കാനും ഈ വർഷത്തോടെ കഴിയും. എന്നാൽ കൊവിഡ് ലോക്ക്ഡൗൺ പെയ്സിന്റെ ആ സ്വപനത്തിനാണ് താത്കാലികമായെങ്കിലും തടയിട്ടത്. ഒളിമ്പിക്സ് 2021 ലേക്ക് മാറ്റിവച്ചുകഴിഞ്ഞു. ഫ്രഞ്ച് ഒാപ്പൺ നീട്ടിവച്ചിരിക്കുകയാണ്. വിംബിൾഡൺ ഉപേക്ഷിച്ചു. യു.എസ് ഒാപ്പണിന്റെ കാര്യത്തിലെ അനിശ്ചിതത്വം തുടരുകയാണ്. ഈ സാഹചര്യത്തിൽ വിരമിക്കൽ 2021 ലേക്ക് മാറ്റാൻ പെയ്സ് ആലോചിക്കുന്നുണ്ട്. വീണുകിട്ടിയ ഇടവേളയിൽ ഫിറ്റ്നസ് നിലനിറുത്തി ആഗ്രഹിച്ച രീതിയിൽ തന്നെ ഒരു വിരമിക്കൽ പെയ്സ് കൊതിക്കുന്നു. തീർച്ചയായും അദ്ദേഹം അത് അർഹിക്കുന്നുമുണ്ട്.
പെയ്സ് കരിയർ ഗ്രാഫ്
1991 ജൂനിയർ യു.എസ് ഒാപ്പണിലും ജൂനിയർ വിംബിൾഡണിലും ചാമ്പ്യനായ പെയ്സ് പ്രൊഫഷണൽ സർക്യൂട്ടിലേക്ക് ചുവടുവച്ച വർഷം. ലോക ജൂനിയർ റാങ്കിംഗിൽ ഒന്നാംസ്ഥാനത്തെത്തി.
1992
രാജ്യത്തെ പ്രതിനിധീകരിച്ച് ആദ്യ ഒളിമ്പിക്സ്. ബാഴ്സലോണ ഒളിമ്പിക്സിൽ പുരുഷ ഡബിൾസിൽ രമേഷ് കൃഷ്ണനൊപ്പം ക്വാർട്ടർ ഫൈനൽ വരെയെത്തി.
1996
പെയ്സിന്റെ കരിയറിലെ രണ്ട് അവിസ്മരണീയ സംഭവങ്ങൾക്ക് സാക്ഷ്യംവഹിച്ചത് ഈ വർഷമാണ്. ഒന്ന് അറ്റ്ലാന്റ ഒളിമ്പിക്സിലെ വെങ്കലം. രണ്ട് മഹേഷ് ഭൂപതിയെന്ന പങ്കാളിയുമായി ആദ്യമായി കൂട്ടുകെട്ടുണ്ടാക്കുന്നു. രാജീവ്ഗാന്ധി ഖേൽരത്ന പുരസ്കാരവും ഇൗ വർഷം ലഭിച്ചു.
1998
പെയ്സ് ഭൂപതി സഖ്യം കരുത്താർജിച്ച വർഷം. മൂന്ന് ഗ്രാൻസ്ളാമുകളിലാണ് -ആസ്ട്രേലിയൻ ഒാപ്പൺ, ഫ്രഞ്ച് ഒാപ്പൺ, യു.എസ് ഒാപ്പൺ - ഈ സഖ്യം സെമിയിലെത്തിയത്. കരിയറിലെ ഏക എ.ടി.പി സിംഗിൾസ് കിരീടം ന്യൂപോർട്ടിൽ നേടിയതും സാക്ഷാൽ പീറ്റ് സാംപ്രസിനെ തോൽപ്പിച്ചതും ഇതേ വർഷം.
1999
പെയ്സ് ഭൂപതി സഖ്യം നാല് ഗ്രാൻസ്ളാമുകളുടെയും ഫൈനലിലെത്തി. ഫ്രഞ്ച് ഒാപ്പണും വിംബിൾഡണും നേടി ഗ്രാൻസ്ളാം കിരീടം നേടുന്ന ആദ്യ ഇന്ത്യൻ ജോടിയായി മാറി. ലിസ റെയ്മണ്ടിനൊപ്പം വിംബിൾഡൺ മിക്സഡ് ഡബിൾസ് കിരീടവും പെയ്സ് സ്വന്തമാക്കി ഗ്രാൻസ്ളാം ഡബിളും ഡബിൾസിലെ ഒന്നാം റാങ്കും.
2000
ഭൂപതിയുമായി താത്കാലിക വേർപിരിയലും കൂടിച്ചേരലും. സിഡ്നി ഒളിമ്പിക്സിൽ ഇന്ത്യൻ പതാകയേന്താൻ അവസരം.
2001
ഫ്രഞ്ച് ഒാപ്പൺ ഡബിൾസിൽ ഭൂപതിക്കൊപ്പം കിരീടം. പത്മശ്രീ പുരസ്കാരം. തൊട്ടടുത്ത വർഷം ബുസാൻ ഏഷ്യൻ ഗെയിംസിൽ പെയ്സ്- ഭൂപതി സഖ്യത്തിന് സ്വർണം.
2003
മിക്സഡ് ഡബിൾസിൽ മാർട്ടിന നവ്രത്തിലോവയ്ക്കൊപ്പം ആസ്ട്രേലിയൻ ഒാപ്പൺ, വിംബിൾഡൺ കിരീടങ്ങൾ. തൊട്ടടുത്ത വർഷം ഏതൻസ് ഒളിമ്പിക്സിൽ ഭൂപതിക്കൊപ്പം സെമി വരെയെത്തി.
2006
മാർട്ടിൻ ഡാമിനൊപ്പം യു.എസ് ഒാപ്പൺ ഡബിൾസ് കിരീടം. 2006 ദോഹ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ നായകൻ. ഭൂപതിക്കൊപ്പം ഡബിൾസിലും സാനിയ മിർസയ്ക്കൊപ്പം മിക്സഡ് ഡബിൾസിലും കിരീടം.
2008
ബെയ്ജിംഗ് ഒളിമ്പിക്സിൽ പെയ്സ്- ഭൂപതി സഖ്യം ക്വാർട്ടറിൽ പുറത്ത്, കാരാ ബ്ളാക്കിനൊപ്പം യു.എസ് ഒാപ്പൺ മിക്സഡ് ഡബിൾസ് കിരീടം.
2009
ലൂക്കാസ് ദ്ലൗഹിക്കൊപ്പം ഫ്രഞ്ച്, യു.എസ് ഒാപ്പൺ ഡബിൾസ് കിരീടങ്ങൾ. തൊട്ടടുത്ത വർഷം കാരാ ബ്ളാക്കിനൊപ്പം ആസ്ട്രേലിയൻ ഒാപ്പൺ മിക്സഡ് ഡബിൾസ് കിരീടം.
2013
റഡാക്ക് സ്റ്റെപ്പാനെക്കിനൊപ്പം യു.എസ് ഒാപ്പൺ. പത്മഭൂഷൺ പുരസ്കാരം 2014 ജനുവരിയിൽ.
2015
മാർട്ടിന ഹിഗിസിനൊപ്പം ആസ്ട്രേലിയൻ ഒാപ്പൺ മിക്സഡ് ഡബിൾസ് കിരീടം. വിംബിൾഡണിലും യു.എസ്. ഒാപ്പണിലും ഈ സഖ്യം കിരീട നേട്ടം ആവർത്തിച്ചു.
2016
ഹിംഗിസിനൊപ്പം ഫ്രഞ്ച് ഒാപ്പൺ നേടി മിക്സഡ് ഡബിൾസിൽ കരിയർ സ്ളാം തികച്ചു. ഒളിമ്പിക്സിൽ പെയ്സ് ഭൂപതി സഖ്യം ആദ്യ റൗണ്ടിൽ പുറത്ത്.
2017
11 പാർട്ണർമാരെ പരീക്ഷിച്ച വർഷം. എന്നാൽ 96ന് ശേഷം ഒരു എ.ടി.പി കിരീടമോ ഫൈനൽ പ്രവേശനമോ നേടാൻ കഴിയാതിരുന്നതും ഈ കാലത്താണ്.
2018
ഡേവിസ് കപ്പിൽ 43-ാം ഡബിൾസ് വിജയം നേടി റെക്കാഡ്. പാർട്ണർ ഇല്ലാത്തതിനാൽ ഏഷ്യൻ ഗെയിംസിൽ നിന്ന് പിന്മാറി.
2020
ദുബായ് ടെന്നിസ് ചാമ്പ്യൻഷിപ്പിൽ മാത്യു എബ്ഡനോടൊപ്പമാണ് അവസാനമായി കളിച്ചത്. ഫെബ്രുവരിയിൽ നടന്ന ടൂർണമെന്റിൽ പ്രീക്വാർട്ടറിൽ പുറത്തായി.
ചരിത്ര മുദ്രകൾ
. ഡേവിസ് കപ്പിൽ ഏറ്റവും കൂടുതൽ ഡബിൾസ് വിജയങ്ങൾ നേടിയ താരം
. പുരുഷ ഡബിൾസിലും മിക്സഡ് ഡബിൾസിലും കരിയർ സ്ളാം
. വിംബിൾഡണിൽ ഒരേവർഷം (1999) മിക്സഡ് ഡബിൾസ്, ഡബിൾസ് കിരീടങ്ങൾ.
. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളിലുംഗ്രാൻസ്ളാം കിരീടം നേടിയ താരം. റോഡ് ലാവറിന് ശേഷം ഈ നേട്ടം പെയ്സിന് മാത്രം.
. ഏഴ് ഒളിമ്പിക്സുകളിൽ തുടർച്ചയായി മത്സരിച്ച ഏക ഇന്ത്യക്കാരനും ഏക ടെന്നിസ് താരവും.
കളിക്കണക്കുകൾ
200
പ്രൊഫഷണൽ സിംഗിൾസ് മത്സരങ്ങൾ. 101 വിജയങ്ങൾ
1
സിംഗിൾസ് കരിയറിൽ ഒരേയൊരു എ.ടി.പി കിരീടം
1227
എ.ടി.പി ഡബിൾസ് മത്സരങ്ങൾ. 770 വിജയങ്ങൾ. 457 തോൽവികൾ.
54
എ.ടി.പി ഡബിൾസ് കിരീടങ്ങൾ
10
എ.ടി.പി മിക്സഡ് ഡബിൾസ് കിരീടങ്ങൾ
18
ഗ്രാൻസ്ളാം കിരീടങ്ങൾ.
10 മിക്സഡ് ഡബിൾസ്, 8 ഡബിൾസ് കിരീടങ്ങൾ.
43
പെയ്സിന്റെ ഡേവിസ് കപ്പ് വിജയങ്ങളുടെ എണ്ണം
7
ഒളിമ്പിക്സുകളിൽ പങ്കാളിത്തം. 96ൽ വെങ്കലമെഡൽ
97
ഗ്രാൻസ്ളാം മത്സരങ്ങളിൽ വിജയം
കരിയർ അവസാനിപ്പിക്കുന്നതിനെപ്പറ്റി കുറച്ചു നാൾ ആലോചിച്ചാണ് തീരുമാനമെടുത്തത്. എന്നാൽ കൊവിഡ് കാരണം ഉദ്ദേശിച്ച രീതിയിൽ നടക്കുമെന്ന് താേന്നുന്നില്ല. 100 ഗ്രാൻസ്ളാം വിജയങ്ങൾ തികച്ച് വിരമിക്കണമെന്നുണ്ട്. ഏതായാലും കാത്തിരുന്ന് കാണാം.
ലിയാൻഡർ പെയ്സ്