pinaayi-vijayan
പിണറായി വിജയൻ

തിരുവനന്തപുരം: പ്രവാസികളിൽ കൊവിഡ് ബാധിച്ചവരെ ഇങ്ങോട്ട് പ്രവേശിപ്പിക്കില്ലെന്ന് സംസ്ഥാന സർക്കാർ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും , സർക്കാർ പ്രവാസികൾക്കെതിരാണെന്ന ദുരുപദിഷ്ട പ്രചരണം നടത്തുന്നവരിൽ ദൗർഭാഗ്യവശാൽ കേന്ദ്ര സഹമന്ത്രിയുമുണ്ടെന്നും വി. മുരളീധരനെ സൂചിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു

കൊവിഡ് ബാധിച്ചവർക്ക് ഇങ്ങോട്ട് വരുന്നതിന് മുമ്പ് പരിശോധന നടത്തണമെന്നേ പറഞ്ഞിട്ടുള്ളൂ. സാമ്പത്തിക പ്രശ്നം നേരിടുന്നവർക്ക് സൗജന്യടെസ്റ്റിന് കേന്ദ്രം സൗകര്യമേർപ്പെടുത്തണം. രോഗമുള്ളവരും ഇല്ലാത്തവരും ഒരേ വിമാനത്തിൽ വന്നാൽ എല്ലാവർക്കും രോഗം പകരാമെന്നും , അതത് രാജ്യങ്ങളിൽ പരിശോധന നടത്തി രോഗമുള്ളവരെ അവിടെ ചികിത്സിക്കണമെന്നുമാണ് മാർച്ച് 11ന് ഇതേ കേന്ദ്രസഹമന്ത്രി പറഞ്ഞത്. രോഗമുള്ളവർക്ക് ഇങ്ങോട്ട് വരാൻ അവരുടെ ആരോഗ്യസ്ഥിതി സമ്മതിക്കുന്നുവെങ്കിൽ രണ്ട് കൈയും നീട്ടി സ്വീകരിക്കും. ആവശ്യമായ ചികിത്സ നൽകും. രോഗമുള്ളവർ വിദേശത്ത് തന്നെ കഴിയട്ടെയെന്ന് പറഞ്ഞിട്ടില്ല.പരിശോധനയില്ലാതെ ആളുകൾ വരുന്നത് രോഗവ്യാപനം കൂട്ടുമെന്ന് സംസ്ഥാനം ആശങ്കപ്പെട്ടപ്പോൾ ഈ കേന്ദ്രസഹമന്ത്രി പരിഹസിച്ചത്, കൊവിഡ് ടെസ്റ്റ് നടത്താതെയാണ് ആളുകളെ കൊണ്ടുവരുന്നതെന്ന് ഇദ്ദേഹത്തോട് (തന്നോട്) ആരാണ് പറഞ്ഞതെന്നാണ്. എല്ലാവരെയും വിമാനത്തിൽ കയറുന്നതിന് മുമ്പ് ടെസ്റ്റിന് വിധേയരാക്കുമെന്ന് മേയ് അഞ്ചിന് പറഞ്ഞയാളാണ്, കേരളം ടെസ്റ്റിന് വേണ്ടി പറയുന്നത് മഹാപാതകമാണെന്ന് ഇപ്പോൾ പറഞ്ഞുനടക്കുന്നത്. മേയ് അഞ്ചിന് ശേഷം നിലപാട് മാറ്റാൻ മാത്രം എന്തദ്ഭുതമാണ് സംഭവിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കണം.

. എംബസികൾ ടെസ്റ്റ് നടത്തണമെന്ന് പറഞ്ഞാൽ ടെസ്റ്റിനായി എല്ലാവരും എംബസിയിലെത്തണമെന്നല്ല. പ്രയാസമുള്ളവർക്ക് ടെസ്റ്റിന് സൗകര്യം എംബസിയൊരുക്കണം. 500- 600കി.മീ. അകലെയാണെന്ന വാദത്തിൽ കഴമ്പില്ല. വിമാനത്തിൽ കയറാൻ വിമാനത്താവളത്തിലെത്തണം. മഹാദുരന്തത്തിന്റെ ഈ ഘട്ടത്തിൽ ജനങ്ങളുടെ ജീവൻ വച്ച് രാഷ്ട്രീയം കളിക്കരുത്. ,ജനങ്ങളിൽ അരക്ഷിതാവസ്ഥയും ഭയവും സൃഷ്ടിക്കാനാണ് നീക്കം - മുഖ്യമന്ത്രി പറഞ്ഞു.