money

തിരുവനന്തപുരം:വില്ലേജ് ഓഫീസർമാരുടെ ശമ്പളം വെട്ടിക്കുറച്ച് ധനകാര്യ വകുപ്പ് ഉത്തരവായി. ശമ്പളം 29,​200-62,​400 ആയിരുന്നത് 27,​800- 59,​400 ആയാണ് കുറച്ചത്.റവന്യൂ വകുപ്പിന്റെയും വകുപ്പ് നോക്കുന്ന സി.പി.ഐയുടെയും എതിർപ്പ് മറികടന്നാണ് തീരുമാനം.

റവന്യൂ വകുപ്പിൽ സി.പി.ഐ യൂണിയനാണ് ആധിപത്യം.വില്ലേജ് ഓഫീസർമാരുടെ തസ്തിക ഡെപ്യൂട്ടി തഹസിൽദാർക്ക് തുല്യമാക്കണമെന്നായിരുന്നു സി.പി.ഐ സംഘടനയായ കേരള റവന്യൂ ഡിപ്പാർ‌ട്ട്മെന്റ് സ്റ്രാഫ് അസോസിയന്റെ ആവശ്യം. റവന്യൂ മന്ത്രി ധനമന്ത്രിയോട് പല തവണ അഭ്യ‌ർത്ഥിച്ചിട്ടും ഈ ആവശ്യം അംഗീകരിക്കാതെ ശമ്പളം വെട്ടിക്കുറയ്ക്കുകയാണ് ചെയ്തതെന്ന് ഇവർ ആരോപിക്കുന്നു. ഇതിനെതിരെ ജീവനക്കാർ ഇന്നലെ പ്രതിഷേധ ദിനം ആചരിച്ചു. ഇന്ന് ജോയിന്റ് കൗൺസിൽ കരിദിനം ആചരിക്കും. നാളെ ധനമന്ത്രിയുടെ ഒൗദ്യോഗിക വസതിയിലേക്ക് ജോയിന്റ് കൗൺസിൽ മാർച്ചും നടത്തും. നേരത്തെ വില്ലേജ് ഓഫീസർ, റവന്യൂ ഇൻസ്പെക്ടർ, ഹെഡ് ക്ലാർക്ക് തസ്തികകൾ സമാനമായിരുന്നു. ജോലി ഭാരവും ഉത്തരവാദിത്തവും മറ്ര് വകുപ്പുകളുമായി ഇടപെടേണ്ടതും പരിഗണിച്ച് വില്ലേജ് ഓഫീസർമാരെ ഡെപ്യൂട്ടി തഹസിൽദാർ പദവിയിലേക്ക് ഉയർത്തണമെന്നായിരുന്നു ആവശ്യം. പദവി ഉയർ‌ത്തിയില്ലെങ്കിലും ഒമ്പതാം ശമ്പളകമ്മിഷൻ വില്ലേജ് ഓഫീസർമാരുടെ ശമ്പളം കൂട്ടി നൽകി. പത്താം ശമ്പള കമ്മിഷൻ വില്ലേജ് ഓഫീസർമാരെ ഡെപ്യൂട്ടി തഹസിൽദാർ പദവിക്ക് തുല്യമാക്കി ശുപാർശ ചെയ്തെങ്കിലും ധനവകുപ്പ് എതിർക്കുകയായിരുന്നു.

ധനവകുപ്പിന്റെ ഉത്തരവിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് ജോയിന്റ് കൗൺസിൽ ചെയർമാൻ ജി.മോട്ടിലാൽ പറഞ്ഞു. ഇത് ജീവനക്കാരോടുള്ള ഇടത് സർക്കാരിന്റെ വെല്ലുവിളികളുടെ തുർച്ചയാണെന്ന് എൻ.ജി.ഒ സംഘ് സംസ്ഥാന പ്രസിഡന്റ് സി.സുരേഷ് കുമാറും ജനറൽ സെക്രട്ടറി ടി.എൻ. രമേശും പറഞ്ഞു.