muhammed-kaif

ചെറുപ്രായത്തിൽ ടെസ്റ്റ് ടീമിൽ എത്തിയതുകൊണ്ടാണ് തനിക്ക് ശോഭിക്കാൻ കഴിയാതെ പോയതെന്ന് കൈഫ്.

ന്യൂഡൽഹി : സച്ചിനും ദ്രാവിഡും ലക്ഷ്മണും ഗാംഗുലിയും സെവാഗുമെല്ലാം നിറഞ്ഞുനിന്നിരുന്ന സമയത്ത് വെറും 20-ാം വയസിൽ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് എത്തപ്പെട്ടതുകൊണ്ടാണ് തനിക്കും യുവ്‌രാജിനും അധികം അവസരം ലഭിക്കാതെ പോയതെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്.

2002 ൽ ഏകദിന അരങ്ങേറ്റം കുറിച്ച കൈഫ് 125 ഏകദിനങ്ങളിൽ ഇന്ത്യൻ കുപ്പായമണിഞ്ഞപ്പോൾ 13 ടെസ്റ്റുകളിൽ മാത്രമേ അവസരം ലഭിച്ചിരുന്നുള്ളു. ടെസ്റ്റ് ടീമിൽ മുൻനിര താരങ്ങൾ നിറഞ്ഞുനിന്നതിനാൽ അവർക്ക് പരിക്കേൽക്കുമ്പോൾ മാത്രമേ തനിക്കും യുവ്‌രാജിനും അവസരങ്ങൾ ലഭിക്കുമായിരുന്നുള്ളു. യുവിക്കാണ് തന്നേക്കാൾ കൂടുതൽ അവസരം ലഭിച്ചിരുന്നത്. '2006 ൽ നാഗ്‌പൂരിൽ ഇംഗ്ളണ്ടിനെതിരെ എനിക്ക് ഒരവസരം ലഭിച്ചു. ഒരാൾക്ക് പരിക്കേറ്റതിനാലാണ് ഞാൻ പ്ളേയിംഗ് ഇലവനിലെത്തിയത്. ആ മത്സരത്തിൽ 91 റൺസടിച്ചെങ്കിലും പരിക്ക് മാറി മറ്റേയാൾ എത്തിയപ്പോൾ ഞാൻ പുറത്തായി"- കൈഫ് പറയുന്നു.

ഇന്ത്യൻ അണ്ടർ-19 ടീമിനെ ആദ്യമായി ലോകകപ്പ് നേട്ടത്തിലേക്ക് നയിച്ച ക്യാപ്ടനാണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫീൽഡർമാരിൽ ഒരാളായ കൈഫ്. 2000 ത്തിൽ നടന്ന ലോകകപ്പിന്റെ ഫൈനലിൽ ശ്രീലങ്കയെ കൊളംബോയിൽ വച്ച് കീഴടക്കിയാണ് കൈഫും കൂട്ടരും കിരീടമുയർത്തിയത്. ലോകകപ്പുമായി വന്ന കൈഫിനെ നേരെ ഇന്ത്യൻ ടീമിലേക്ക് ക്ഷണിക്കുകയായിരുന്നു. 2000 മാർച്ചിൽ ബംഗുളുരുവിൽ വച്ച് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയായിരുന്നു ടെസ്റ്റ് അരങ്ങേറ്റം.

എന്നാൽ ആ പ്രായത്തിൽ തന്നെ ടെസ്റ്റിലേക്ക് വിളിച്ചത് മാനസികമായി ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ലെന്ന് കൈഫ് പറയുന്നു: 'അണ്ടർ 19 ലോകകപ്പ് കഴിഞ്ഞ് നടന്ന ചലഞ്ചർ ടൂർണമെന്റിലും മികച്ച ബാറ്റിംഗ് കാഴ്ചവച്ചതോടെയാണ് ഇന്ത്യൻ ടീമിലെടുത്തത്. എന്നാൽ 20-ാം വയസിൽ അലൻ ഡൊണാൾഡ്, ഷോൺ പൊള്ളോക്ക്, നാന്റി ഹേയ്‌വാഡ് തുടങ്ങിയവരുടെ ബൗൺസറുകൾക്ക് മുന്നിൽ എന്തു ചെയ്യണമെന്നറിയാതെ ഞാൻ പതറിപ്പോയി. അതുവരെ ഇത്രയും കൂടുതൽ ബൗൺസറുകൾ നേരിട്ടിരുന്നില്ല. ആ പരമ്പരയോടെ എന്നെ ടീമിൽ നിന്ന് ഒഴിവാക്കി. പി​ന്നീട് ഏകദി​ന ടീമി​ലെത്താൻ രണ്ടുവർഷത്തോളം പരി​ശ്രമിക്കേണ്ടിവന്നു"-കൈഫ് പറഞ്ഞു.