പാപ്പനംകോട് ഡിപ്പോയിൽ നിന്ന് ഇന്നും സർവീസില്ല
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പാപ്പനംകോടും നഗരത്തിലെ സമീപ മേഖലകളും കൂടുതൽ നിയന്ത്രണത്തിലേക്ക്. സാഹചര്യം കൂടുതൽ ഗുരുതരമാകാതിരിക്കാനാണ് പാപ്പനംകോട് ഡിപ്പോയിൽ രണ്ടുദിവസം സർവീസ് നിറുത്തിവച്ചത്. കാട്ടാക്കടയിൽ കൊവിഡ് സ്ഥിരീകരിച്ച ആശാവർക്കറുടെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ പേർ ഡ്രൈവറുടെ സമ്പർക്കപ്പട്ടികയിൽ ഉണ്ടാകുമെന്നതാണ് നഗരവാസികളെ ആശങ്കയിലാക്കുന്നത്. തൃശൂർ സ്വദേശിയായ ഡ്രൈവർക്ക് ഞായറാഴ്ചയാണ് പനി ബാധിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ചൊവാഴ്ചയോടെ രോഗം സ്ഥിരീകരിച്ചു. ഇയാൾക്കൊപ്പം പനിയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്ന മറ്റൊരു ഡ്രൈവറും ചികിത്സയിലാണ്. ഇയാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല. രോഗ ബാധിതനായ ഡ്രൈവർ നടത്തിയ സർവീസുകൾ കൂടുതലായതിനാൽ നാട്ടുകാരും ആശങ്കയിലാണ്. ഇയാളുമായി സമ്പർക്കത്തിലുണ്ടായിരുന്ന ചില ജീവനക്കാരെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന.
--------------------------------------------------------
ജൂൺ 3 - ഡ്രൈവർ ഡിപ്പോയിലെത്തി.
12 വരെ ഡ്യൂട്ടിയിൽ തുടർന്നു
3ന് വെള്ളയമ്പലം പെട്രോൾ
പമ്പിലെത്തി ഡീസൽ നിറച്ചു.
4ന് മലയിൻകീഴ് തച്ചോട്ടുകാവ്
റൂട്ടിലായി അഞ്ച് സർവീസുകൾ
5ന് റെയിൽവേ സ്റ്റേഷനിൽ നിന്ന്
യാത്രക്കാരുമായി പാറശാല ഇഞ്ചിവിളയിലേക്ക്.
വൈകിട്ട് പാറശാല ഫയർഫോഴ്സ് സ്റ്റേഷനിലെത്തി
ബസ് അണുവിമുക്തമാക്കി.
6നും 7നും ഡ്യൂട്ടി ഇല്ലാത്തതിനാൽ
ഡിപ്പോയിൽ തങ്ങി
8ന് വഴുതക്കാട് ആർ.ടി ഓഫീസിൽ
സി.എഫ് ടെസ്റ്റിന് പോയി
9ന് ഡിപ്പോയിൽ തങ്ങി
10ന് നേമം പൊലീസ് സ്റ്റേഷനിൽ നിന്ന് അന്യസംസ്ഥാന
തൊഴിലാളികളുമായി റെയിൽവേ സ്റ്റേഷനിലേക്ക് സർവീസ്
11ന് റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്രക്കാരുമായി
പൂജപ്പുരയിലേക്ക് സർവീസ്
11ന് ചെങ്കൽച്ചൂള ഫയർസ്റ്റേഷനിൽ ബസ്
എത്തിച്ച് അണുനശീകരണം നടത്തി.
12 ന് സഹപ്രവർത്തകനുമായി രോഗ
ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തി.