കോട്ടയം: നാഷണൽ പെർമിറ്റ് ലോറിയിൽ കടത്തിക്കൊണ്ടു വന്ന 60 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. പേരൂർ ആലഞ്ചേരി തെള്ളകം കളപ്പുരയ്ക്കൽ ജോസ് (40), തലയാഴം തോട്ടകം തലപ്പുള്ളിൽ ഗോപു (27) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സംഘം പിടികൂടിയത്.
ഇന്നലെ പുലർച്ചെ രണ്ടു മണിയോടെ കുറുപ്പന്തറ മാർക്കറ്റിലെത്തിയ നാഷണൽ പെർമിറ്റ് ലോറിയിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ആന്ധ്രയിൽ നിന്ന് ഏറ്റുമാനൂർ മേഖലയിലെ ഗുണ്ടാ സംഘങ്ങൾക്ക് കഞ്ചാവ് എത്തിക്കുന്നതായി ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിനിടെയാണ് ആന്ധ്രയിലേയ്ക്ക് പൈനാപ്പിളുമായി പോയ ശേഷം മടങ്ങിയെത്തിയ ലോറിയുടെ രഹസ്യ അറയിൽ കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നതായി അറിഞ്ഞത്. തുടർന്ന് കടുത്തുരുത്തി സ്‌റ്റേഷൻ ഹൗസ് ഓഫീസർ സി.എസ് ബിനുവിന്റെയും എസ്.ഐ ടി.എസ് റെനീഷിന്റെയും നേതൃത്വത്തിൽ പരിശോധന നടത്തി കഞ്ചാവ് പിടിച്ചെടുത്തു.
രണ്ടു കിലോ വീതമുള്ള മുപ്പത് പാഴ്‌സലുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ആന്ധ്രയിൽ നിന്നുള്ള മലയാളി യുവാക്കളാണ് കഞ്ചാവ് കേരളത്തിലേയ്ക്ക് കടത്തിക്കൊണ്ടു വന്നിരിക്കുന്നത്. കഞ്ചാവ് എത്തിച്ചത് ആർക്കാണെന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു.