തിരുവനന്തപുരം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായുള്ള മത്സ്യ കൃഷിയുടെ സംസ്ഥാന തല ഉദ്ഘാടനം മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ നിർവഹിച്ചു. നഗരസഭയ്ക്ക് കീഴിലുള്ള മണ്ണന്തല വയമ്പായിച്ചിറ കുളത്തിൽ 5000 ഗ്രാസ് കാർപ്പ് മത്സ്യങ്ങളെ നിക്ഷേപിച്ചു. നവീകരിച്ച വയമ്പായിച്ചിറ കുളത്തിന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. നഗരസഭ 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം ചെലവിലാണ് കുളത്തിന്റെ നവീകരണം പൂർത്തിയാക്കിയത്. വയമ്പായിച്ചിറ കുളത്തിന് സമീപം ആഡിറ്റോറിയവും ഉദ്യാനവും നിർമ്മിക്കുന്നതിനായി 60 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും പദ്ധതികളുടെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചതായും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ചടങ്ങിൽ മേയർ കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, മരാമത്ത് കാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ എസ്. പുഷ്പലത, ഫിഷറീസ് ഡയറക്ടർ എം.ജി രാജമാണിക്യം, ഫിഷറീസ് അഡിഷണൽ ഡയറക്‌ടർ ജെ. സന്ധ്യ, വാർഡ് കൗൺസിലർ അനിൽകുമാർ എന്നിവർ പങ്കെടുത്തു.