തിരുവനന്തപുരം: കൊവിഡ് സ്ഥിരീകരിച്ച പാപ്പനംകോട് ഡിപ്പോയിലെ ഡ്രൈവർ ഡ്യൂട്ടി ചെയ്‌ത ബസുകളിലെ യാത്രക്കാരുടെ സ്രവ പരിശോധന ഏഴുദിവസത്തിനുശേഷം നടത്തും. ഡ്രൈവർ ജോലി ചെയ്‌തിട്ടുള്ള ബസുകളെല്ലാം യാത്ര നടത്തിയ സ്ഥലങ്ങളിൽ രോഗലക്ഷണങ്ങൾ ഉള്ളവരെ കണ്ടുപിടിക്കാൻ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. സമ്പർക്കത്തിൽ വന്നിട്ടുള്ള എല്ലാവരും ആരോഗ്യവകുപ്പുമായി അടിയന്തരമായി ബന്ധപ്പെടണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു. ഇതിനായി ടോൾ ഫ്രീ നമ്പറായ 1077ൽ വിളിക്കണം. ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ‌പരിശോധന ആവശ്യപ്പെട്ട് ഡിപ്പോയിൽ ജീവനക്കാർ പ്രതിഷേധിച്ചിരുന്നു. തുടർന്നാണ് നടപടികൾ വേഗത്തിലായത്. രോഗം സ്ഥിരീകരിച്ച ഡ്രൈവർ ജോലിയുടെ ഭാഗമായി പോയിട്ടുള്ള ചെങ്കൽച്ചൂള ഫയർസ്റ്റേഷൻ, ആർ.ടി ഓഫീസ് സിവിൽ സ്റ്റേഷൻ കുടപ്പനക്കുന്ന്, വെള്ളയമ്പലം പെട്രോൾ പമ്പ് (കെ.എഫ്.സി ഓഫീസിനു സമീപം), നേമം പൊലീസ് സ്റ്റേഷൻ, ഫയർസ്റ്റേഷൻ പാറശാല, കെ.എസ്.ആർ.ടി.സി പാപ്പനംകോട് ഡിപ്പോ, ഓഫീസ് എന്നീ സ്ഥലങ്ങൾ വേഗം അണുവിമുക്തമാക്കും. ഡ്രൈവറുമായി നേരിട്ട് സമ്പർക്കത്തിലായിരുന്ന 17 പേരെ കണ്ടെത്തിയിരുന്നു. അതിൽ 6 പേരെ സർക്കാർ ക്വാറന്റൈൻ സെന്ററിലേക്ക് മാറ്റി. 10 പേർ മറ്റ് ജില്ലയിലേക്ക് മടങ്ങിയിട്ടുള്ളതിനാൽ അതതു ജില്ലയിൽ അറിയിച്ചു. അവരെയും നിരീക്ഷണത്തിലാക്കും. മറ്രൊരാൾ ഇപ്പോൾ ഹോം ക്വാറന്റൈനിലാണ്. പ്രാഥമിക സമ്പർക്കത്തിലുണ്ടായിരുന്നവർക്ക് ഉടൻ സ്രവ പരിശോധന നടത്തും.