pinarayi vijayan
സൗകര്യമൊരുക്കാൻ കേന്ദ്രത്തോടാവശ്യപ്പെടും
തിരുവനന്തപുരം: വിദേശത്ത് നിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ ഉൾപ്പെടെ കൊവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന നിലപാടിലുറച്ച് കേരളം. ഇതിനുള്ള സൗകര്യം എംബസികളിൽ ഉറപ്പാക്കണമെന്ന് കേന്ദ്രത്തോടാവശ്യപ്പെടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഒരേ വിമാനത്തിൽ രോഗമുള്ളവരെയും ഇല്ലാത്തവരെയും കൊണ്ടുവരുന്നത് രോഗവ്യാപനത്തിനിടയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചെലവ് കുറഞ്ഞ ട്രൂനാറ്റ് പോലുള്ള പരിശോധനാ സംവിധാനങ്ങൾ എംബസികൾ വഴി ഏർപ്പെടുത്തണം. രോഗമുള്ളവരെ പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിക്കണം. ഇവർക്ക് ചികിത്സ നൽകും.
ക്ഷയരോഗ നിർണയത്തിനുപയോഗിക്കുന്ന ട്രൂനാറ്റ് ഉപയോഗിച്ചുള്ള കൊവിഡ് പരിശോധനയ്ക്ക് ആയിരം രൂപയോളമേ ചെലവ് വരൂവെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ളവർക്കും മറ്റും ഈ രീതി സംസ്ഥാനത്ത് ഉപയോഗിക്കുന്നുണ്ട്.
വിദേശത്ത് നിന്ന് കൂടുതൽ പേർ ഒന്നിച്ചെത്തുന്നതിനനുസരിച്ച് രോഗവ്യാപനം കൂടാതിരിക്കാനാണ് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിന് ആവശ്യപ്പെടുന്നത്. വിമാനത്തിൽ ഒന്നോ രണ്ടോ പേർക്ക് രോഗമുണ്ടായാൽ എട്ട് പേർക്ക് വരെ പകരാമെന്നാണ് നിഗമനം.
സാമ്പത്തിക പ്രയാസമുള്ളവർക്ക് സൗജന്യ ടെസ്റ്റിന് സൗകര്യമുണ്ടാകണമെന്നതാണ് കേരളത്തിന്റെ ആവശ്യം. പി.സി.ആർ ടെസ്റ്റിംഗിന് പല രാജ്യങ്ങളിലും പ്രയാസം നേരിടുന്നതായി പ്രവാസി സംഘടനകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. അത്തരം സ്ഥലങ്ങളിൽ ആന്റി ബോഡി ടെസ്റ്റിലൂടെ ഫലം വേഗത്തിൽ ലഭിക്കും. പരിശോധനാസൗകര്യമില്ലാത്തിടത്ത് എംബസികൾ വഴി ട്രൂനാറ്റ് ടെസ്റ്റിന് ക്രമീകരണമേർപ്പെടുത്തണം.
യു.എ.ഇ എയർപോർട്ടിലെ റാപ്പിഡ് ടെസ്റ്റ് ഫലപ്രദമാണ്. മറ്റ് ഗൾഫ് രാജ്യങ്ങളിലും വിമാനക്കമ്പനികൾ ടെസ്റ്റ് നടത്തണം. ഖത്തറിൽ പുറത്തിറങ്ങുന്നവർക്ക് 'എഹ്‌തരാസ് 'എന്ന മൊബൈൽ ആപ്പ് നിർബന്ധമാണ്. അതിൽ ഗ്രീൻ സ്റ്റാറ്റസ് ഉള്ളവർക്കേ എയർപോർട്ടിലുൾപ്പെടെ പ്രവേശനമുള്ളൂ. ഖത്തറിൽ നിന്ന് വരുന്നവർക്ക് ഈ നിബന്ധന മതി.
രണ്ടു ലക്ഷത്തിൽ 2%
പോസിറ്റീവായാൽ...
വിദേശത്ത് നിന്ന് വരുന്നവരിൽ ഒന്നര ശതമാനം പേർ ഇപ്പോൾ കൊവിഡ് പോസിറ്റീവാകുന്നുണ്ട്. രണ്ട് ലക്ഷത്തോളം പ്രവാസികൾ വരാനുണ്ട്. അവരിൽ രണ്ട് ശതമാനം പേർ പോസിറ്റീവായാൽ തന്നെ എണ്ണം നാലായിരമാകും. സമ്പർക്കം മൂലം കൂടുതൽ പേരിലേക്ക് രോഗം വ്യാപിക്കും. സമൂഹവ്യാപനമെന്ന വിപത്ത് സംഭവിക്കാം.
ഇന്നലെ വരെയുല്ള 1366 പോസിറ്റീവ് കേസുകളിൽ 1246 പേരും വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ഇതിൽ 713പേർ വിദേശത്തു നിന്നാണ്. മൊത്തം കേസിന്റെ 52.19ശതമാനം വരുമിത്.
ടെസ്റ്റ് നടത്താൻ സ്പൈസ് ജെറ്റ്
കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവായവരെ കൊണ്ടുവരാമെന്ന നിബന്ധന ഇങ്ങോട്ട് അറിയിച്ചാണ് സ്പൈസ് ജെറ്റ് 300 ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി തേടിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചില സംഘടനകൾ ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി തേടിയപ്പോൾ അവരോടും സ്പൈസ് ജെറ്റ് ചെയ്യുന്നത് പോലെ വേണമെന്നറിയിച്ചു. സ്പൈസിന് പറ്റുമെങ്കിൽ ആർക്കും പറ്റും.
ഈമാസം വരുന്ന
വിമാനങ്ങൾ
149: 24വരെ ചാർട്ട് ചെയ്ത വിമാനം
171: വന്ദേഭാരത് മിഷനിലൂടെ
100: സ്പൈസ് ജെറ്റിന്റെ വിമാനം
420 : ആകെ വരുന്നവ