കോവളം:വിഴിഞ്ഞം തീരത്തെ ആൾക്കൂട്ട നിയന്ത്രണത്തിന് പൊലീസിന്റെ നേതൃത്വത്തിലുളള പരിശോധന ശക്തമാക്കി. സീസൺ തുടങ്ങിയതോടെ ഫ്രഷ് മീൻവാങ്ങുന്നതിനാണ് ജനക്കൂട്ടമെത്തുന്നത്. മീൻപിടിത്ത തുറമുഖത്തിന്റെ നാല് പോയിന്റുകളിലായി പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കച്ചവടത്തിനും വീട്ടാവശ്യങ്ങൾക്കുമായി മീൻവാങ്ങാനെത്തുന്നവരെ തെർമൽ സ്‌കാനിംഗ് പരിശോധനയ്ക്ക് വധേയമാക്കി കടത്തിവിടുന്നതിനുളള സൗകര്യം ഏർപ്പെടുത്തി. വാഹനങ്ങളിൽ എത്തുന്നവർ മാസ്ക് ധരിച്ചിട്ടുണ്ടോയെന്നതും പരശോധിക്കുന്നുണ്ട്. വിഴിഞ്ഞം തീരത്ത് തൊഴിലാളികൾ കൊണ്ടുവരുന്ന മീൻ ലേലം ചെയ്ത് കൊടുക്കുന്നിടത്ത് ആൾക്കൂട്ടം പരമാവധി കുറയ്ക്കുന്നതിന് 15 പോയിന്റുകൾ സ്ഥാപിച്ചു. ഓരോ പോയിന്റിലും നിശ്ചിത അകലം പാലിച്ച് മാത്രമേ മീൻവിൽപ്പന നടത്താൻ പാടുളളൂവെന്ന് പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്. തിരക്ക് പരമാവധി കുറച്ച് രോഗവ്യാപന വ്യാപ്തി കുറക്കാനുളള എല്ലാ നടപടികളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എസ്.ഐ സജി.എസ്.എസ് അറിയിച്ചു.