തിരുവനന്തപുരം:ഇന്നലെ ജില്ലയിൽ മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പത്തു പേർ രോഗ മുക്തരായി. പോത്തൻകോട് സ്വദേശി (37), വാമനപുരം സ്വദേശി (26), ആര്യങ്കോട് കീഴേരൂർ സ്വദേശി (25) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. പോത്തൻകോട് സ്വദേശി ഈ മാസം 13 ന് സൗദി അറേബ്യയിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തി. അവിടെ നിന്നു കെ.എസ്.ആർ.ടി.സി ബസിൽ തിരുവനന്തപുരത്തെ സർക്കാർ ക്വാറന്റൈൻ സെന്ററിൽ പ്രവേശിച്ചു. രോഗ ലക്ഷണങ്ങളുണ്ടായതിനാൽ സ്രവ പരിശോധനയിൽ കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വാമനപുരം സ്വദേശി 3ന് സൗദി അറേബ്യയിൽ നിന്നു കൊച്ചി വിമാനത്താവളത്തിലും അവിടെ നിന്നു കെ.എസ് .ആർ.ടി.സി ബസിൽ തിരുവനന്തപുരത്തുമെത്തി. സ്രവപരിശോധനയിൽ കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് സി.എഫ്.എൽ.ടി.സി ഹോമിയോ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റി. ആര്യങ്കോട് കീഴേരൂർ സ്വദേശി ഈ മാസം 11ന് ഡൽഹിയിൽ നിന്നാണ് തിരുവനന്തപുരത്തെത്തിയത്. ഹോം ക്വാറന്റൈനിലയിരുന്ന ഇയാൾക്ക് രോഗ ലക്ഷണങ്ങളുണ്ടായതിനെ തുടർന്ന് സ്രവപരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. തുടർന്ന് സി.എഫ്.എൽ.ടി.സി ഹോമിയോ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റി.
ഇന്നലെ ജില്ലയിൽ പുതുതായി 1041പേർ രോഗനിരീക്ഷണത്തിലായി. 203 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 16,190പേർ വീടുകളിലും 996 പേർ സ്ഥാപനങ്ങളിലും നിരീക്ഷണത്തിലുണ്ട്. ആശുപത്രികളിൽ രോഗലക്ഷണങ്ങളുമായി 25 പേരെ പ്രവേശിപ്പിച്ചു. 59 പേരെ ഡിസ്ചാർജ് ചെയ്തു.ആശുപത്രികളിൽ 137 പേർ നിരീക്ഷണത്തിലുണ്ട്. ഇന്നലെ 365 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. 260 പരിശോധനാഫലങ്ങൾ ലഭിച്ചു. ജില്ലയിൽ 43 സ്ഥാപനങ്ങളിലായി 996 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.
ആകെ നിരീക്ഷണത്തിലുള്ളവർ -17323
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ -16190
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ -137
കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ -996
പുതുതായി നിരീക്ഷണത്തിലായവർ -1041