jayaraj
ജയരാജ്

തിരുവനന്തപുരം:മദ്യപിച്ച് ലക്കുകെട്ട് ഔദ്യോഗിക വാഹനത്തിൽ അപകടകരമായി യാത്രചെയ്ത ഐ.ജി ഇ.ജെ.ജയരാജിനെതിരായ അച്ചടക്ക നടപടി സർക്കാർ റദ്ദാക്കി. പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ജയതിലകിന്റെ അന്വേഷണത്തിലാണ് ജയരാജനെ കു​റ്റവിമുക്തനാക്കിയത്. ഡി.ജി.പി ശങ്കർ റെഡ്ഡിയുടെ അന്വേഷണത്തിൽ ജയരാജ് കുറ്രക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇത് തള്ളിയാണ് ജയതിലകിനെ അന്വേഷണത്തിന് നിയോഗിച്ചത്.

പൊതുജനമദ്ധ്യത്തിൽ പൊലീസിന്റെ വിലയിടിച്ചെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹറ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് 2017 ഒക്ടോബറിൽ ജയരാജിനെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് സസ്പെൻഷൻ റദ്ദാക്കി തിരിച്ചെടുത്ത് ക്രൈംബ്രാഞ്ചിൽ നിയമിച്ചു.

കൊട്ടാരക്കരയിൽ സുഹൃത്തായ സുനിലിന്റെ സത്കാരത്തിന് ശേഷം മദ്യലഹരിയിൽ യാത്ര ചെയ്ത ഐ.ജിയെ അഞ്ചൽ പൊലീസാണ് പിടികൂടിയത്. അപകടഭീഷണി ഉയർത്തി ഇന്നോവകാർ വരുന്നത് നാട്ടുകാർ സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. വാഹനത്തിൽനിന്ന് ഇറങ്ങാനാവാത്ത അവസ്ഥയിലായിരുന്നു ഐ.ജിയും ഡ്രൈവർ സന്തോഷും. ഇരുവരും മദ്യപിച്ചതായി വൈദ്യപരിശോധനയിൽ തെളിഞ്ഞു. ദുർനടത്തത്തിനും പെരുമാറ്റദൂഷ്യത്തിനും പൊതുജനമദ്ധ്യത്തിൽ മദ്യപിച്ച് ബോധക്കേട് കാട്ടിയതിനും ശക്തമായ നടപടിക്കാണ് ഡി.ജി.പി ശുപാർശ ചെയ്തത്. കേസെടുത്ത് ജാമ്യത്തിൽ വിട്ട സന്തോഷിനെ സസ്പെൻഡ് ചെയ്തിരുന്നു.

സംഭവം അന്വേഷിച്ച എ.ഡി.ജി.പി മനോജ് എബ്രഹാം ജയരാജിനെതിരേ അച്ചടക്ക നടപടി ശുപാർശ ചെയ്തിരുന്നു.

നാണക്കേട് നേരത്തെയും

ജയരാജ് നേരത്തെയും സേനയ്ക്ക് നാണക്കേട് ഉണ്ടാക്കിയിട്ടുണ്ട്. ഡി.ഐ.ജി റാങ്കിൽ ലീഗൽ മെട്രോളജി ഡയറക്ടറായിരുന്നപ്പോൾ ജനശതാബ്ദി ട്രെയിനിൽ മദ്യപിച്ച് ബഹളമുണ്ടാക്കുകയും സ്ത്രീകൾ ഉൾപ്പടെയുള്ളവരോട് അപമര്യാദയായി പെരുമാറുകയും ചെയ്തു. ട്രെയിൻ എറണാകുളം സൗത്ത് സ്റ്റേഷനിലെത്തിയപ്പോൾ യാത്രക്കാരിയുടെ ലാപ്ടോപ്പുമെടുത്ത് ഇദ്ദേഹം പ്ലാറ്റ്‌ഫോമിലൂടെ ഓടി. റെയിൽവേ പൊലീസ് പിന്നാലെയും ഓടി. ജയരാജിനെതിരേ കേസെടുക്കുകയും സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നെങ്കിലും പിന്നീട് ശിക്ഷ താക്കീതിൽ ഒതുക്കി തിരിച്ചെടുക്കുകയും ഐ.ജിയായി സ്ഥാനക്കയറ്റം നൽകുകയുമായിരുന്നു.