prathi-1

പാറശാല: ബൈക്കിലെത്തി മുളക്പൊടി വിതറിയ ശേഷം വൃദ്ധയുടെ മാല പൊട്ടിച്ച് കടന്ന കേസിൽ രണ്ട് കുട്ടിക്കുറ്റവാളികളടക്കം മൂന്ന് പ്രതികൾ പാറശാല പൊലീസിന്റെ പിടിയിലായി. നെയ്യാറ്റിൻകര ഇരുമ്പിൽ മേലെകാഞ്ചിവിള എൻ.ഒ ഭവനിൽ ബിജീഷ് (21), ബൈക്കിൽ ഇയാളോടൊപ്പം സഞ്ചരിച്ചിരുന്ന രണ്ട് കുട്ടിക്കുറ്റവാളികൾ അടക്കം മൂന്ന് പ്രതികളും ബിജീഷിന്റെ സുഹൃത്തും ഇരുവരും ചേർന്ന് നടത്തിയിട്ടുള്ള മറ്റൊരു കേസിലെ പ്രതിയായ ചെങ്കൽ മര്യാപുരം നെടിയവിള ജി.ആർ.ഭവനിൽ ബിനീഷ് എന്നിവരുമാണ് അറസ്റ്റിലായത്.

കഴിഞ്ഞ 21 നാണ് ബിജീഷ് കുട്ടിക്കുറ്റവാളികൾക്കൊപ്പം ബൈക്കിലെത്തി ആറയൂരിൽ ഒരു വൃദ്ധയുടെ മാല പൊട്ടിച്ച് കടന്നത്. സി.സി കാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അറസ്റ്റിലായ പ്രതി ബിജീഷിനെ ചോദ്യം ചെയ്തപ്പോൾ ആണ് ബിജീഷും ബിനീഷും ചേർന്ന് കഴിഞ്ഞ ഏപ്രിൽ 7 ന് ഉദിയൻകുളങ്ങരയിൽ എസ്.ബി.ഐ യുടെ എ.ടി.എം കുത്തിത്തുറന്ന് മോഷണത്തിനുള്ള വിഫല ശ്രമം തെളിഞ്ഞത്. തുടർന്ന് അറസ്റ്റിലായ ബിനീഷിനെ ചോദ്യം ചെയ്തപ്പോഴാണ് എ.ടി.എം കവർച്ചയ്ക്കായി ഉപയോഗിച്ച ബൈക്ക് രണ്ട് കുട്ടിക്കുറ്റവാളികൾ ചേർന്ന് കഴിഞ്ഞ ഫെബ്രുവരി 5 ന് ഉദിയൻകുളങ്ങര നിന്നു മോഷ്ടിച്ചതാണെന്ന് തെളിഞ്ഞത്. മൂന്ന് മോഷണങ്ങൾക്കും പാറശാല പൊലീസ് പ്രത്യേകം കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെയാണ് രണ്ട് കുട്ടിക്കുറ്റവാളികൾ ഉൾപ്പെടെ നാല് പേരും പിടിയിലാവുന്നത്. കുറ്റവാളികളെ ജുവനൈൽ കോടതിയിൽ ഹാജരാക്കി. മറ്റ് രണ്ട് പ്രതികളെയും നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് റിമാൻഡ് ചെയ്തു. നെയ്യാറ്റിൻകര ഡിവൈ.എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിൽ പാറശാല സി.ഐ റോബർട്ട് ജോണി, എസ്.ഐ മഹേഷ്, ഗ്രേഡ് എസ്.ഐ മാരായ സലിംകുമാർ, രതീഷ് കുമാർ, റെജി, ലൂക്കോസ്, എസ്.സി.പി.ഒ കൃഷ്ണകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.