തിരുവനന്തപുരം: നഗരത്തിൽ ഇന്നലെ നടത്തിയ മിന്നൽ പരിശോധനയിൽ സമൂഹിക അകലം പാലിക്കാതെ പ്രവർത്തിച്ച 48 കടയുടമകൾക്കെതിരെ കേസെടുത്തതായും 62 കടകൾക്കെതിരെ പിഴ ഈടാക്കിയെന്നും സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും തട്ടുകടകളിലും ഭക്ഷണ വിതരണ സ്ഥാപനങ്ങളിലും പൊലീസ് പരിശോധന നടത്തി. സിറ്റിയിലെ 1366 റസ്റ്റോറന്റുകളും തട്ടുകടകളും കടകളും എസ്.എച്ച്.ഒമാരുടെ നേതൃത്വത്തിൽ പരിശോധിച്ചു. രോഗവ്യാപനം ഉണ്ടാകുന്ന തരത്തിൽ പ്രവർത്തിച്ചതിനാണ് കടയുടമകൾക്കെതിരെ കേസെടുത്തത്. സിറ്റിയിലെ എല്ലാ സ്റ്റേഷനുകളിലെയും മൊബൈൽ, ബൈക്ക് പട്രോളിംഗ് സംഘങ്ങളും കൺട്രോൾ റൂം വാഹനങ്ങളും ട്രാഫിക് ഉദ്യോഗസ്ഥരും സ്‌പെഷ്യൽ ഡ്രൈവിൽ പങ്കെടുത്തു. 1760 കടകളിലാണ് ഇന്നലെ പൊലീസ് മിന്നൽ പരിശോധന നടത്തിയത്. ഇവിടങ്ങളിൽ മാസ്ക് ധരിക്കാത്ത ജീവനക്കാരുൾപ്പെടെയുള്ള 293പേർക്കെതിരെയും നിയമനടപടി സ്വീകരിച്ചു. നഗരത്തിലാകെ മാസ്‌ക് ധരിക്കാത്ത 441പേർക്കെതിരെയാണ് നടപടിയെടുത്തത്.